ബാംഗ്ലൂര്‍: വിജയഭേരി മുഴക്കി സ്വന്തം ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയ ഇന്ത്യയുടെ അഭിമാനമായ മംഗള്യാന് പേടകത്തിന് ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യ പദ്ധതിയെന്ന പൊന്‍തൂവലും. ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയിലെ ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതിയാണ് മംഗള്യാന്.
ഒരു നാനോ കാറിന്റെ മാത്രം വലുപ്പമുള്ള സ്വര്‍ണ സാറ്റ്ലൈറ്റ് നിര്‍മിച്ചത് വെറും 450 കോടി രൂപ ചെലവഴിച്ചാണെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 300 ദിവസത്തെ മാരത്തോണ്‍ യാത്രകൊണ്ട് 670 മില്യണ്‍ കിലോമീറ്റര്‍ പിന്നിട്ട മംഗള്യാന് റെക്കോര്‍ഡ് വേഗമായ 15 മാസം കൊണ്ടാണ് ഐ.എസ്.ഐര്.ഒ നിര്‍മിച്ചത്. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യ പദ്ധതിയാണിതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
അടുത്തിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡി, ഹോളിവുഡ് സിനിമയായ ഗ്രാവിറ്റിക്ക് മംഗള്യാന് പദ്ധതിയെക്കാള്‍ കൂടുതല്‍ പണം ചെലവായി എന്നത് വലിയ നേട്ടമാണെന്ന് പറഞ്ഞിരുന്നു.
അതസമയം, നാസയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മാവെന് പദ്ധതിക്ക് മംഗള്യാന് പദ്ധതിയേക്കാള്‍ പത്തിരട്ടി തുകയാണ് ചെലവായിരിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യ പദ്ധതിയാണ് മംഗള്യാന്. പക്ഷേ, അതുകൊണ്ട് യാതൊരു ഇളവും വരുത്തിയിട്ടില്ലെന്ന് ഐ.എസ്.ആര്.ഒ ചെയര്‍മാര്‍ കെ.രാധാകൃഷ്ണന് പറഞ്ഞു.
300 ദിവസമായി നിദ്രയിലമര്ന്നിരുന്ന എന്‍ജിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതോടെ രാജ്യത്തിനും ശാസ്ത്രജ്ഞര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് മംഗള്യാന് ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. നാളെ രാവിലെ 7.17ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാനെ പ്രവേശിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണം വിജയിക്കുകയാണെങ്കില്‍ കന്നി ശ്രമത്തില്‍തന്നെ ചൊവ്വയിലെത്തുന്ന ഭൂമിയിലെ ആദ്യ രാജ്യവുമാകും ഇന്ത്യ. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് മംഗള്‍യാനിലെ ദ്രവ ഇന്ധന എന്‍ജിനായ ലാം (ലിക്വിഡ് അപ്പോജി മോട്ടോര്‍) പ്രവര്‍ത്തിപ്പിച്ചത്.
2013 നവംബര്‍ അ#്ചിനാണ് പി.എസ്.എല്‍.വിസി 25 റോക്കറ്റില്‍ മംഗള്യാന് പേടകം വിക്ഷേപിച്ചത്. ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്ന പേടകം ചൊവ്വയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി.
നാളെ 24 മിനിട്ട് നീളുന്ന ജ്വലനം മംഗള്‍യാനെ പൂര്ണവിജയത്തിലെത്തിക്കും. ചൊവ്വയില്‍ നിന്ന് ഏറ്റവുമടുത്ത് 434 കിലോമീറ്ററും ഏറ്റവുമകലെ 80,000 കിലോമീറ്ററും ഉള്ള ദീര്‍ഘ വൃത്താകാരത്തിലാണ് മംഗള്യാന് നിശ്ചയിക്കപ്പെട്ട ഭ്രമണപഥം. ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറഞ്ഞ ശേഷിയുള്ള ദ്രവ ഇന്ധന എന്‍ജിനുകള്‍ (ത്രസ്റ്ററുകള്‍) പ്രവര്‍ത്തിപ്പിച്ചും പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാം.