ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും സാന്നിധ്യത്തില്‍ ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പത്തു മണിയോടെ സ്വന്തം കാറായ ‘ബീസ്റ്റി’ലാണ് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ചടങ്ങ് നടക്കുന്ന രാജ്പഥിലെത്തിയത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡായിരുന്നു ഇന്ന് രാജ്പഥില്‍ നടന്നത്.
രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത. കര -നാവിക -വ്യോമസേനകളുടെ വനിതാ സംഘങ്ങളായിരുന്നു പരേഡിലെ മുഖ്യ ആകര്‍ഷണം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലോട്ടുകളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തരൂപങ്ങളും ചടങ്ങിന്റെ മോഡി കൂട്ടി.


