യു.ഡി ക്‌ളാര്‍ക്കിന്റേയും അഭിഭാഷകയുടേയും വേഷം അവതരിപ്പിച്ച ഹൗ ഓള്‍ഡ് ആര്‍യുവിനും, എന്നും എപ്പോഴിനും ശേഷം മഞ്ജു വാര്യര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്നു. മിലിക്ക് ശേഷം രാജേഷ് പിളള സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലറിലാണ് മഞ്ജു വാര്യര്‍ കാക്കിവേഷത്തിലെത്തുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
കേരളത്തിലെ ടോപ് വനിതാ ഐപിഎസ് ഓഫിസര്‍മാരായ നിശാന്തിനി.ആര്‍,ബി.സന്ധ്യ എന്നിവരെ നിരീക്ഷിച്ചായിരിക്കും കഥാപാത്രമാകാന്‍ മഞ്ജുവാര്യര്‍ ശ്രമിക്കുക.
ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റു രണ്ടു കഥാപാത്രങ്ങള്‍ കുഞ്ചാക്കോ ബോബനും, ജയസൂര്യയുമാണ്. മഞ്ജു വാര്യരുടെ വനിതാ ഐപിഎസ് ഓഫിസറുള്‍പ്പെടെ മൂന്നുകഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ തുല്യ റോളുകളായിരിക്കുമെന്ന് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പറഞ്ഞു.
അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സന്തോഷ് തുണ്ടിയിലും, സംഗീതം ഷാന്‍ റഹ്മാനും ആയിരിക്കും കൈകാര്യം ചെയ്യുക.


