ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് ജയം

മുംബൈ: ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 14 റണ്‍സിന്റെ ജയം. രാജസ്ഥാന്‍ സ്‌കോറായ 189 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴിന് 175 റണ്‍സിലവസാനിച്ചു. ഈ ജയത്തോടെ 14 പോയന്റുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. എട്ടുപോയന്റുള്ള ഡല്‍ഹി ആറാം സ്ഥാനത്താണ്. സ്‌കോര്‍: രാജസ്ഥാന്‍ 189/2 (20), ഡല്‍ഹി 175/7 (20).
ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകളാണ് ഡല്‍ഹിയുടെ തോല്‍വിക്ക് പ്രധാന കാരണമായത്. രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജിന്‍ക്യ രഹാന(54 പന്തില്‍ 91) യുടേതടക്കം നിരവധി കാച്ചുകളാണ് ഡല്‍ഹി ഫീല്‍ഡമാര്‍ വിട്ടുകളഞ്ഞത്. മികച്ചൊരു സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിയ്ക്കായി നായകന്‍ ജെ പി ഡുമിനി(56) പൊരുതിയെങ്കിലും മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. സൗരഭ് തിവാരി(28), യുവരാജ്(22) എന്നിവര്‍ ശ്രമം തുടര്‍ന്നെങ്കിലും മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെയ്ക്കാന്‍ കഴിയാഞ്ഞത് അവരുടെ തോല്‍വിക്ക് കാരണമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന രാജസ്ഥാനുവേണ്ടി 38 പന്തില്‍ 61 റണ്‍സുനേടിയ കരുണ്‍ നായരും തിളങ്ങി. രഹാനെ കരുണ്‍ സഖ്യം 113 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

Top