രാം ചരണ്‍ ചിത്രത്തില്‍ ഐറ്റം നമ്പര്‍; ഇല്യാനയ്ക്ക് വാഗ്ദാനം 1.5 കോടി

ചെന്നൈ: ബോളിവുഡിലേക്ക് ചുവടു വെച്ചതില്‍ പിന്നെ സുപ്പര്‍നായികമാരുടെ നിരയില്‍ ഉണ്ടായിരുന്ന ഇല്യാനയ്ക്ക് തെലുങ്കില്‍ ചെറിയ ഇടിവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ഒരു ഐറ്റം നമ്പര്‍ ചെയ്യാന്‍ താരത്തിന് കിട്ടിയ വാഗ്ദാനം കേട്ട് തെലുങ്ക് നായികമാര്‍ ഒന്നടങ്കം കണ്ണുതള്ളിയിരിക്കുകയാണ്. രാം ചരണ്‍ തേജ നായകനാകുന്ന പുതിയ ചിത്രം ‘ബ്രൂസ് ലീ’ യില്‍ നൃത്തം ചവിട്ടാന്‍ ഇല്യാന ഡിസൂസയ്ക്ക് വാഗ്ദാനം കിട്ടിയത് 1.5 കോടി.

സിനിമയിലെ ഒരു പ്രത്യേക ഗാനരംഗമാണെങ്കിലും ഇതിന് അനുകൂലമായോ പ്രതികൂലമായോ താരം പ്രതികരിച്ചിട്ടില്ലെന്നാണ് അറിവ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശ്രീനു വെയ്റ്റിലാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് മറ്റൊരു താരം. സംഘട്ടന സംവിധായകനായിട്ടാണ് രാംചരണ്‍ തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്. താരത്തിന്റെ വിളിപ്പേരാണ് ബ്രൂസ് ലീ.

കരിയറില്‍ ഇല്യാനയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓഫറാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. തെലുങ്കില്‍ മിന്നി നില്‍ക്കുമ്പോള്‍ ബോളിവുഡ് തിരക്കിലേക്ക് കുടിയേറിയ ഇല്യാനയുടേതായി അവസാനം പുറത്തുവന്നത് ദേവുഡു ചെസിനാ മാന്‍ഷുലൂ ആയിരുന്നു. ഈ ഐറ്റം നമ്പര്‍ താരത്തിന് തെലുഗു സിനിമാവേദിയിലേക്ക് തിരിച്ചു വരാന്‍ പറ്റിയ അവസരമായിട്ടാണ് അണിയറക്കാര്‍ വിലയിരുത്തുന്നത്.

Top