രണ്ടു നാനോ കാറിന്റെ വിലയുള്ള കഴുത

മൊഹീന്ദര്‍ സിങ്ങിന്റെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ വളര്‍ത്തുമൃഗം. രണ്ടു വര്‍ഷം മുന്‍പ് ചത്തീസ്ഗഢിലെ ബിക്കാനറില്‍ നിന്നാണ് മൊഹീന്ദര്‍ ഷേറുവിനെ വാങ്ങുന്നത്. അന്നൊന്നും കൂടെയില്ലാതിരുന്ന ഭാഗ്യമാണിന്ന് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. എല്ലാവരുടേയും പരിഹാസം ഏറ്റുവാങ്ങുന്ന ജീവിയാണ് കഴുത. ബുദ്ധിയില്ലാത്ത ജന്തുവെന്നാണ് കഴുതയെ ഏവരും വിശേഷിപ്പിക്കുന്നത്. മനുഷ്യരെ കളിയാക്കുന്നതിനും പലരും കഴുതയെന്നു വിളിക്കാറുണ്ട്.

കഴുതയുടെ ബുദ്ധിയെന്നു പറഞ്ഞു പരിഹസിക്കുന്നവര്‍ ഏറെ. എന്നാല്‍ മൊഹീന്ദറിന്റെ കഴുതയുടെ വില കേട്ടാല്‍ ഏവരുമൊന്നു ഞെട്ടും. രണ്ടു നാനോ കാര്‍ വാങ്ങാനുള്ള അത്ര തുക ഈ കഴുതയ്ക്ക് നല്‍കണം. മൂന്നു ലക്ഷം രൂപയാണ് ഷേരുവിന്റെ വില. 54 ഇഞ്ച് ഉയരമുള്ള കറുത്ത നിറത്തിലുള്ള കഴുതയാണ് മൊഹീന്ദറിന്റെ ഷേരു.

ഹരിയാനയിലെ ബേരിയില്‍ നടക്കുന്ന പ്രശസ്തമായ മൃഗമേളയില്‍ പങ്കെടുക്കുന്നതിനായാണ് ഷേരുവിനെ മൊഹീന്ദര്‍ കൊണ്ടുവരുന്നത്. ഇത്രയും വിലയുള്ള കഴുതയെ വാങ്ങുന്നതിന് ആളുകള്‍ ഏറെയായിരുന്നു. എന്നാല്‍ സ്വന്തം കഴുതക്കുട്ടിയെ വില്‍ക്കാന്‍ മൊഹീന്ദര്‍ ഒരുക്കമായിരുന്നുന്നില്ല.എത്ര വില കിട്ടിയാലും കഴുതയെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറയുന്നു മൊഹീന്ദര്‍. ഷേരുവിനെ ഉപയോഗിച്ച് ക്രോസ്ബ്രീഡിങ്ങ് നടത്തുക എന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

കുതിരകളുമായി ഷേരുവിനെ ക്രോസ് ചെയ്യുന്നതിലൂടെ നല്ല സങ്കരഇനം കഴുതകളെ ഉത്പാദിപ്പിക്കാനാകുമെന്നാണ് മൊഹീന്ദര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് ഉയര്‍ന്ന തുകയും ഈടാക്കുന്നുണ്ട് ഇദ്ദേഹം. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇതിനായി ഇദ്ദേഹം വാങ്ങുന്നത്. ഏറ്റവും കുറഞ്ഞത് അയ്യായ്യിരം രൂപയാണ്. എന്നാല്‍ ചില സീസണുകളില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ തുക ക്രോസ്ബ്രീഡിങ്ങിനായി മൊഹീന്ദര്‍ വാങ്ങുന്നുണ്ട്. പ്രധാനമായും വേനല്‍ക്കാലങ്ങളിലാണ് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നതെന്നും പറയുന്നു മൊഹീന്ദര്‍. എന്തായാലും ഇനി വിലയില്ലാത്ത ജീവിയെന്നു കഴുതയെ വിളിക്കരുത്.

Top