രഞ്ജി ട്രോഫി;ഛത്തീസ്ഗഢിനെതിരേ കേരളത്തിന് 219; നാലുവിക്കറ്റ്

ഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരേ കേരളം ഒന്നാംദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 74 ഓവറാണ് ആദ്യദിനം എറിയാനായത്. 91 റണ്‍സ് നേടി പുറത്തായ സച്ചിന്‍ ബേബിയാണ് കേരള നിരയിലെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറിയുമായി സഞ്ജു സാംസണും പത്ത് റണ്‍സോടെ വിഷ്ണു വിനോദുമാണ് ക്രീസില്‍.

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡ് അനങ്ങുന്നതിനു മുന്നെത്തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിനെ (പൂജ്യം) നഷ്ടമായി. രവി കിരണിനാണ്‌ വിക്കറ്റ്. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ, ജലജ് സക്‌സേന ആഷിശ് ചൗഹാന്റെ പന്തില്‍ റിഷഭ് തിവാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ വന്ന രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

144 പന്തുകള്‍ നേരിട്ട് 54 റണ്‍സോടെ രോഹന്‍ പ്രേം ഏറെനേരം ക്രീസില്‍ പിടിച്ചുനിന്നു. സ്‌കോര്‍ 139-ല്‍ നില്‍ക്കേ റണ്ണൗട്ടായാണ് താരം മടങ്ങിയത്. 67-ാം ഓവറില്‍ സച്ചിന്‍ ബേബിയും ഔട്ടായി. 180 പന്തുകളില്‍നിന്ന് 91 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ആഷിശ് ചൗഹാനു തന്നെയായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ (71 പന്തില്‍ 57), വിഷ്ണു വിനോദ് (24 പന്തില്‍ 10) എന്നിവരാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍.

റായ്പുരിലെ ശഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഛത്തീസ്ഗഢ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Top