രക്ഷാദൗത്യം: യമനില്‍ നിന്ന് 358 പേര്‍ മടങ്ങിയെത്തി

നെടുമ്പാശ്ശേരി: സംഘര്‍ഷഭരിതമായ യമനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 358 പേര്‍ മടങ്ങിയെത്തി. 168 പേരുമായി വ്യോമസേനയുടെ ആദ്യവിമാനം സിയ 17 ഗ്ലോബ് മാസ്റ്റര്‍ ഇന്ന് പുലര്‍ച്ചെ 1.45ന് നെടുമ്പാശ്ശേരിയിലും 190 പേരെയുമായി രണ്ടാം വിമാനം പുലര്‍ച്ചെ നാല് മണിക്ക് മുംബൈയിലുമാണ് ഇറങ്ങിയത്.

യെമനില്‍ നിന്ന് രക്ഷിച്ച് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ച സംഘമാണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. മടങ്ങിയെത്തിയ യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മന്ത്രിമാരായ കെ സി ജോസഫ്, വി കെ ഇബ്‌റാഹീം കുഞ്ഞ്, കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മടങ്ങിയെത്തിയവര്‍ക്ക് സഹായധനമായി രണ്ടായിരം രൂപവീതം നോര്‍ക്ക വിതരണം ചെയ്തു. തമിഴ്‌നാട്ടിലേക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി ബസ് ഏര്‍പ്പെടുത്തിയിരുന്നു.

വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ജിബൂത്തിയിലെത്തി ഓപ്പറേഷന്‍ റാഹത്ത് എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച രാത്രിയാണ് യമനില്‍ നിന്ന് 350 ഇന്ത്യക്കാരുമായി ഐ എന്‍ എസ് സുമിത്ര പുറപ്പെട്ടത്. 101 സ്ത്രീകളും 28 കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് ജിബൂത്തിയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും (206 പേര്‍).

തമിഴ്‌നാട്ടില്‍ നിന്നുള്ള 40 പേരും മഹാരാഷ്ട്രിയില്‍ നിന്നുള്ള 31 പേരും പശ്ചിമബംഗാളില്‍ നിന്നുള്ള 23 പേരും ഡല്‍ഹിയില്‍ നിന്നുള്ള 22 പേരും കര്‍ണാടകയില്‍ നിന്നുള്ള 15 പേരും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 പേരുമാണ് ഇപ്പോള്‍ യമനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടിട്ടുള്ളത്. യമനിലെ ഏദന്‍ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുന്നതിനുള്ള അനുവാദം ലഭിച്ചതിന് ശേഷം ഐ എന്‍ എസ് സുമിത്ര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെടുകയായിരുന്നു. നാലായിരത്തോളം ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടെന്നാണ് കണക്ക്. വ്യോമ, നാവിക രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഇവരില്‍ 350 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിട്ടുള്ളത്. ഐ എ എഫ് സി 17 ഗ്ലോബ്മാസ്റ്ററിന് പുറമേ മറ്റൊരു എയര്‍ക്രാഫ്റ്റ് കൂടി യമനിലേക്കയക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.

Top