രംഗ് രസിയയുടെ ട്രെയിലര്‍ പുറത്തു വന്നു

കേരളം ലോകത്തിനു നല്‍കിയ മഹാനായ ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ ജീവിതം പകര്‍ത്തുന്ന ചിത്രം രംഗ് രസിയയുടെ ട്രെയിലര്‍ പുറത്തു വന്നു. നവംബര്‍ ഏഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

രവി വര്‍മ്മയുടെ പ്രണയ ജീവിതവും അദ്ദേഹം വരച്ച ദൈവ ചിത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന കോടതി നടപടികളും ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ച സംഘര്‍ഷങ്ങളും തീവ്രമായി പകര്‍ത്തുന്ന മറാത്തി സാഹിത്യകാരന്‍ രഞ്ജിത് ദേശായിയുടെ പ്രശസ്ത നോവലിന്റെ ചലച്ചിത്ര ഭാഷ്യമാണ് രംഗ് രസിയ. കേതന്‍ മേത്ത സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് രവിവര്‍മ്മയാവുന്നത്. രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് മോഡലായി നിന്ന സുഗന്ധ എന്ന സുന്ദരിയായ മറാത്തി യുവതിയായി നന്ദന സെന്‍ വേഷമിടുന്നു.

മംഗള്‍ പാണ്ഡേ എന്ന ചിത്രത്തിനുശേഷമാണ് കേതന്‍ മേത്ത രവിവര്‍മ്മയുടെ ജീവിത കഥയുമായി എത്തുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഈ ചിത്രം വരുന്നത്. ആറു വര്‍ഷം മുമ്പ് പൂര്‍ത്തിയായ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പുകളെ തുടര്‍ന്നാണ് ഇത്രകാലം പുറത്തിറങ്ങാതിരുന്നത്.

Top