യെമന്‍: മലപ്പുറം സ്വദേശിയെ തട്ടിക്കൊണ്ടുപോയി

സന: യുദ്ധം രൂക്ഷമായ യെമനില്‍ മലയാളിയെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മലപ്പുറം അരീക്കോട് നാലകത്ത് സല്‍മാനെയാണ് (47) തലസ്ഥാനമായ സനയ്ക്കു സമീപം സദയില്‍ നിന്ന് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കും അഞ്ച് മക്കള്‍ക്കുമൊപ്പം യെമനില്‍ താമസിച്ചു വരികയാണ് സല്‍മാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയവുമായും ഗള്‍ഫിലെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് സല്‍മാന്റെ കുടുംബം. അതേസമയം, സൗദിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ 60 മലയാളി നഴ്‌സുമാര്‍ കുടുങ്ങി. ഹജ്ജയില്‍ പ്രവര്‍ത്തിക്കുന്ന സൗദി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഒരു വര്‍ഷം മുതല്‍ ഒന്‍പതു വര്‍ഷം വരെയായി യമനില്‍ ജോലി ചെയ്യുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

യെമന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് ഹജ്ജയില്‍ ആശുപത്രി നിര്‍മിച്ചത്. യുദ്ധം രൂക്ഷമായപ്പോള്‍ നഴ്‌സുമാര്‍ രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹമറിയിച്ചെങ്കിലും ഹജയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതുകൊണ്ടു തന്നെ നഴ്‌സുമാര്‍ ആരും തന്നെ സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടെന്നും ഇവര്‍ പറയുന്നു.
കേരളത്തിലേക്കു മടങ്ങണമെന്ന നിര്‍ദേശവുമായി പത്തു നഴ്‌സുമാര്‍ തിരുവനന്തപുരത്തെ നോര്‍ക്കാ ഓഫിസിലേക്കു വിളിച്ചിരുന്നു. തങ്ങളുടെ ബന്ധുക്കളുടെ നമ്പരുകള്‍ ഇവര്‍ ഇവിടെ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ പത്തു ദിവസമായി ഇവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടും ഇവരെ തിരികെ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. ഹജയില്‍ നിന്നു സനയിലെ വിമാനത്താവളത്തിലെത്തിയെങ്കില്‍ മാത്രമേ ഇവര്‍ക്കു രാജ്യത്തേക്കു മടങ്ങാന്‍ സാധിക്കുകയുള്ളു. ഹജയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയുള്ള സനയിലേക്ക് എങ്ങനെ എത്താന്‍ സാധിക്കുമെന്ന് പക്ഷേ, ആര്‍ക്കും ഉത്തരമില്ല.

Top