യെമനില്‍ സൗദി അറേബ്യ നടത്തിയ വോമാക്രമണത്തില്‍ 80 മരണം

സനാ: യെമനില്‍ സൗദി അറേബ്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്കു പരിക്കേറ്റു. സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന യെമനിലെ ഹാജിയ പ്രവിശ്യയിലെ ബക്കീല്‍ അല്‍മീറിലായിരുന്നു ആദ്യത്തെ വ്യോമാക്രമണം. ഇവിടെ കൊല്ലപ്പെട്ട 40 പേരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്നു തദ്ദേശവാസികള്‍ പറഞ്ഞു.

ഇവിടത്തെ ഗോത്രവര്‍ഗക്കാര്‍ ഹൗതി ഷിയാകളോടൊപ്പം ചേര്‍ന്ന് പ്രസിഡന്റ് ഹാദിയുടെ സൈനികര്‍ക്കും അവരെ പിന്തുണയ്ക്കുന്ന സൗദികള്‍ക്കും എതിരേ പോരാട്ടത്തിലാണ്.

ഹൗതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനായില്‍ സൗദി അറേബ്യ നടത്തിയ രണ്ടാമത്തെ വ്യോമാക്രമണത്തില്‍ 40ല്‍ അധികംപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൗതി പോരാളികളും സൈനികരും ആയുധം വാങ്ങാന്‍ കാത്തുനിന്ന വെയര്‍ഹൗസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെയര്‍ഹൗസ് പൂര്‍ണമായും തകര്‍ന്നു.

Top