സനാ: യെമനില്‍ വെടിനിര്‍ത്താമെന്ന സൗദി അറേബ്യയുടെ നിര്‍ദേശം ഹൂതി വിമതര്‍ അംഗീകരിച്ചു. ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിലാണ് അഞ്ചു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് സൗദി നിര്‍ദേശിച്ചത്. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഹൂതി വിമതര്‍ പറഞ്ഞു.
യുഎസിന്റെ പിന്തുണയോടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സൈനികര്‍ക്കും നേരെ വ്യേമാക്രമണം നടത്തിവരുകയാണ്. പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. ഇതിനിടെ, ഇന്നലെയും സൗദി സഖ്യസേനയുടെ വ്യോമാക്രമണം എഡന്‍ കേന്ദ്രമാക്കി ശക്തമായി തുടര്‍ന്നു. സനായിലുള്ള സാലിഹിന്റെ വസതി ലക്ഷ്യമാക്കിയും സൗദി സേനയുടെ ആക്രമണമുണ്ടായി.
സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ 1300 പേര്‍ കൊല്ലപ്പെടുകയും വീടുകളും സ്ഥാപനങ്ങളും തകരുകയും ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ആശങ്ക ശക്തിപ്പെട്ടിരുന്നു. പുറത്തുകടക്കാന്‍ മാര്‍ഗമില്ലാതെ സാദയില്‍ ജനം അകപ്പെട്ടിരിക്കുകയാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.


