ഏദന്‍: യെമനിലെ അല്‍ ഹുദൈദ തുറമുഖം വഴി 300 ഇന്ത്യക്കാരെക്കൂടി ജിബൂട്ടിയിലെത്തിച്ചു. നാവികസേനാ കപ്പലായ ഐ.എന്‍.എസ്. സുമിത്രയാണ് വീണ്ടും രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ഏദനില്‍ നിന്ന് കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തിച്ചിരുന്നു. ഇവരെ ഇന്നലെ പുലര്‍ച്ചെ വ്യോമസേനയുടെ പ്രത്യേക വിമാനം വഴി കൊച്ചിയിലെത്തിച്ചിരുന്നു.
ആദ്യ ദൗത്യത്തിന് ശേഷം ജിബൂട്ടിയില്‍ നിന്നും അല്‍ ഹുദൈദയിലേക്ക് പോയ കപ്പല്‍ ഇന്നലെ രാവിലെയാണ് 300ലധികം ഇന്ത്‌യക്കാരുമായി അവിടെനിന്ന് യാത്രതിരിച്ചത്. ഇവരെ ജിബൂട്ടിയില്‍ നിന്നും വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കും.
അതിനിടെ, ആഭ്യന്തര യുദ്ധം രൂക്ഷമായ സന്‍ആയില്‍ നിന്ന് മലയാളികളടക്കമുള്ളവര്‍ അല്‍ ഹുദൈദയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. സന്‍ആയില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നത്. സംഘര്‍ഷബാധിത പ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യെമനില്‍ നാലായിരത്തോളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. മലയാളികളില്‍ ഭൂരിഭാഗവും നഴ്‌സുമാരാണ്. സന്‍ആയില്‍ മാത്രം 2,000 ഇന്ത്യക്കാരുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിന് എല്ലാ നയതന്ത്ര വഴികളും പരിഗണിക്കുമെന്ന് വിദേശകാര്യ വക്താവ് സയ്ദ് അക്ബറുദ്ദാന്‍ അറിയിച്ചു.
അതേസമയം സന്‍ആ വിമാനത്താളത്തില്‍ 364 പേര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയെങ്കിലും ഇവരുടെ യാത്ര അനിശ്ചിതമായി വൈകുകയാണ്. 2500 പേരാണ് മടക്കയാത്രയ്ക്ക് സന്നദ്ധത അറിയിച്ച് സനയില്‍ കാത്തുനില്‍ക്കുന്നത്.


