യു.എന്‍. ഗാസ പുനരുദ്ധാരണ പദ്ധതി അംഗീകരിക്കില്ലെന്ന് ഹമാസ്

ഗസാ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ പുനരുദ്ധാരണത്തിനുള്ള സാമഗ്രികളുടെ വരവ് നിയന്ത്രിക്കാനുള്ള യു.എന്‍. പദ്ധതി അംഗീകരിക്കില്ലെന്നു ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയുടെ യു.എന്‍. കോ-ഓഡിനേറ്റര്‍ റോബര്‍ട്ട് സെറിയുടെ പദ്ധതികള്‍ ഇതുവരെ ഹമാസിനോടു ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് മൂസ അബു മര്‍സൂഖ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.

യു.എന്‍. മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ അപാകതകളുണെ്ടന്നും ഇതു പരിഹരിക്കുന്നതിന് ഗസയിലെ സാമൂഹിക-രാഷ്ട്രീയ സംഘടനകളുമായി കൂടിക്കാഴ്ച നടത്തുമെന്നും അബു മര്‍സൂഖ് പറഞ്ഞു. ഗസാ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കെയ്‌റോയില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ യു.എന്‍. മുന്നോട്ടു വച്ച പദ്ധതികളോടുള്ള എതിര്‍പ്പ് ഹമാസ് രേഖപ്പെടുത്തിയിരുന്നു.

ഗാസ പുനരുദ്ധാരണം ഫലസ്തീന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് ഫലസ്തീന്‍ സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അബു മര്‍സൂഖ് പറഞ്ഞു. ഗസയുടെ ഭരണം ഐക്യസര്‍ക്കാരിനു ഹമാസ് വിട്ടുകൊടുത്തതാണ്. അവരതു ഭംഗിയായി നിറവേറ്റുമെന്നാണു പ്രതീക്ഷ. അമേരിക്കയും ചില സയണിസ്റ്റ് അനുകൂല ഭരണകൂടങ്ങളും ഹമാസിനെ സ്വീകാര്യമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫലസ്തീന്‍ പുനരുദ്ധാരണത്തിനായി ഇസ്രായേലില്‍ നിന്നു സാമഗ്രികള്‍ എത്തിക്കാനായി ഇസ്രായേലും ഫലസ്തീനും ധാരണയായതായി സപ്തംബറില്‍ സെറി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന 50 രാജ്യങ്ങള്‍ പങ്കെടുത്ത സഹായധാതാക്കളുടെ യോഗത്തില്‍ 540 കോടി ഡോളര്‍ ഗാസ പുനരുദ്ധാരണത്തിനു സഹായമായി ലഭിച്ചിരുന്നു.

Top