യുവേഫ ക്ലബ് ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം റയലിന്

ബര്‍ലിന്‍: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ റാങ്കിങ്ങില്‍ റയല്‍ മാഡ്രിഡ് ഒന്നാമത്. ചരിത്ര വിജയങ്ങള്‍ സ്വന്തമാക്കി ബാഴ്‌സലോണ 2014-15 സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ബാഴ്‌സ ഏഴു പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്താണ്. ജര്‍മന്‍ ലീഗ് ചാമ്പ്യന്‍ന്മാരായ ബയേണ്‍ മ്യൂണിക്ക് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ചു സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണു ക്ലബുകളുടെ റാങ്കിംഗ് പട്ടിക തയറാക്കിയിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, കോപ ഡെല്‍ റേ കിരീടങ്ങള്‍ നേടിയ ബാഴ്‌സ ഈ സീസണില്‍ 38 പോയിന്റാണ് നേടിയത്. കിരീട വിജയങ്ങളൊന്നും നേടാന്‍ കഴിയാതിരുന്ന റയലിനു 33 പോയിന്റും ലഭിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജയത്തിന്റെ കണക്കില്‍ റയല്‍ 171 പോയിന്റുമായി ഒന്നാമത്തെത്തി. ബാഴ്‌സയുടെ അക്കൗണ്ടില്‍ 164 പോയിന്റാണുള്ളത്.

റാങ്കിംഗ് പട്ടികയില്‍ ബയേണ്‍ മ്യൂണിക്(154 പോയിന്റ്), ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സി(142 പോയിന്റ്), അത്‌ലറ്റിക്കോ മാഡ്രിഡ് (120) എന്നിവര്‍ യഥാക്രമം മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ഇറ്റാലിയന്‍ ക്ലബ് യുവന്റസ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.

Top