ബോള്‍ഡ് ആയ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ശ്രദ്ധാകേന്ദ്രമായ യുവനടി അനുമോള്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്നു. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ജമുനാപ്യാരി എന്ന സിനിമയിലാണ് ഒരു പ്രധാന വേഷത്തില്‍ അനുമോള്‍ എത്തുന്നത്.
ഇതാദ്യമായാണ് പൂര്‍ണമായും ഒരു വാണിജ്യ സിനിമയില്‍ അനുമോള്‍ അഭിനയിക്കുന്നത്.സിനിമയില്‍ മിസ് കേരള ഗായത്രി സുരേഷ് ആണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയാവുന്നത്.
ചിത്രത്തില്‍ വീണ എന്ന കഥാപാത്രത്തെയാണ് അനുമോള്‍ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ഉള്ള കഥാപാത്രമായതിനാല്‍ തന്നെ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്ന് അനു പറഞ്ഞു.
പ്രത്യേക വേഷങ്ങള്‍ മാത്രമെ താന്‍ ചെയ്യുകയുള്ളൂ എന്ന ധാരണ സിനിമാരംഗത്ത് ഉണ്ടെന്നും അത് മാറ്റിയെടുക്കുന്നതിന് കൂടിയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും അനുമോള്‍ പറഞ്ഞു.
ഡോ.ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍, മനോജ് കാന ഒരുക്കുന്ന അമീബ എന്നീ സിനിമകളാണ് അനുമോളുടേതായി ഇനി ഇറങ്ങാനുള്ള സിനിമകള്‍. എന്‍ഡോസള്‍ഫാന്‍ ബാധിതയുടെ വേഷമാണ് അനുമോള്‍ക്ക് അമീബ എന്ന സിനിമയില്‍. മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ഷട്ടര്‍ എന്ന സിനിമയുടെ തമിഴ് റീമേക്കിലും അനുമോള്‍ അഭിനയിച്ചു.


