ലോകത്തെ ഏറ്റവും വലിയ വീഡിയോ പങ്കിടല്‍ സര്‍വീസായ യുട്യൂബ്, വീഡിയോ ഗെയിമിനുള്ള ഓണ്‍ലൈന്‍ ഇടം കൂടിയാകും. ‘യുട്യൂബ് ഗെയിമിങ്’ എന്ന പേരില്‍ പുതിയ സര്‍വീസും മൊബൈല്‍ ആപ്പും ഗൂഗിള്‍ അവതരിപ്പിച്ചു.
ഈ വര്‍ഷം തന്നെ പുതിയ യുട്യൂബ് ഗെയിമിങ് സര്‍വീസ് പ്രവര്‍ത്തനം തുടങ്ങുമെന്ന്, യുട്യൂബിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. 25,000 ഗെയിമുകള്‍ ഇതിലുണ്ടാകുമെന്നും, ഓരോ ഗെയിമിനും ഓരോ പേജുകള്‍ വീതമുണ്ടാകുമെന്നും, യുട്യൂബ് ഗെയിമിങ് പ്രോഡക്ട് മാനേജര്‍ അലന്‍ ജോയ്‌സ് ബോഗ്‌പോസ്റ്റില്‍ പറഞ്ഞു.
മാത്രമല്ല, ഗെയിം പബ്ലീഷര്‍മാരുടെയും യുട്യൂബ് ക്രിയേറ്റര്‍മാരുടെയും പ്രത്യേകം ചാനലുകളും യുട്യൂബ് ഗെയിമിങിന്റെ ഭാഗമായിട്ടുണ്ടാകും. വരുമാനം പങ്കിടുന്ന തരത്തിലാകും ഈ സര്‍വീസിലെ ബിസിനസ് മാതൃക.
ഗെയിം പബ്ലീഷ് ചെയ്യുന്നവര്‍ക്ക് യൂസര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള സൗകര്യവും യൂട്യൂബിലുണ്ടാകും.
ആമസോണിന്റെ ഉമസ്ഥതയിലുള്ള ‘ട്വിച്ച്’ ആണ് ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു സര്‍വീസ്. ട്വിച്ചിന്റെ ഈ മേഖലയിലുള്ള ആധിപത്യം അവസാനിപ്പിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
ട്വിച്ചിനെ സ്വന്തമാക്കാന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിനെ പിന്തള്ളി 97 കോടി ഡോളറിന് ട്വിച്ചിനെ ആമസോണ്‍ ഏറ്റെടുക്കുകയായിരുന്നു.


