യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ക്ക് അടിമപ്പണി. നിരവധി നഴ്‌സുമാരാണ് ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നത്. ആശുപത്രികളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ എല്ലാ ജോലികളും നഴ്‌സുമാര്‍ തന്നെ ചെയ്യേണ്ട അവസ്ഥയിലാണ്.
ഓരോ രോഗികള്‍ക്കും ആവശ്യത്തിനുള്ള പരിചരണം പോലും നഴ്‌സുമാര്‍ക്ക് കൊടുക്കുവാന്‍ കഴിയുന്നില്ല. നിരവധി തുക ആരോഗ്യമന്ത്രാലയം വെട്ടിച്ചുരുക്കിയതോടെ രോഗികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ കൊടുക്കുവാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
65 ശതമാനത്തോളം നഴ്‌സുമാര്‍ക്കും ആശുപത്രികളില്‍ അടിമപ്പണിയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആവശ്യത്തിന് ജോലിക്കാരെ നിയമിക്കാത്തതിനാല്‍ അമിത ജോലി ഭാരത്താല്‍ പല നഴ്‌സുമാരും കഷ്ടപ്പെടുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടിത്തിരിക്കുന്ന സാഹചര്യത്തില്‍ വിവിധ പാര്‍ട്ടികള്‍ ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് വേണ്ടി വന്‍ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
20 ബില്യണ്‍ യൂറോയാണ് ബ്രിട്ടനിലെ ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ പോകുന്നതെന്നാണ് ടോറീസ് പറയുന്നത്. പേഷ്യന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളിലാണ് നഴ്‌സുമാരുടെ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ആരോഗ്യ മേഖലയ്ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു എന്ന് കാമറൂണ്‍ പറയുമ്പോഴും ആരോഗ്യമേഖല ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ഓരോ രോഗിക്കും ആവശ്യമായ പരിചരണം ലഭിക്കുന്നില്ല.
5000 നഴ്‌സുമാരില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ആശുപത്രിയിലെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തു വന്നത്. നാഷണല്‍ ഇന്‍സ് സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ കെയര്‍ എക്‌സലന്‍സിന്റെ കണക്കുകള്‍ പ്രകാരം എട്ടു രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമാണ്. എന്നാല്‍ യുകെയിലെ ആശുപത്രികളില്‍ ഈ അനുപാതം പാലിക്കപ്പെടുന്നില്ല എന്നതാണ് കണ്ടെത്തല്‍.


