ന്യൂഡല്‍ഹി: യാക്കൂബ് മേമനെ തൂക്കിലേറ്റയതിന് പകരം വീട്ടുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീലിന്റെ ഭീഷണി.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് കേസിലെ പ്രതി കൂടിയായ ഛോട്ടാ ഷക്കീലിന്റെ ഭീഷണി. യാക്കൂബ് മേമന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നുവെന്ന പൊലീസ് കണ്ടെത്തലും ഛോട്ടാ ഷക്കീല്‍ നിരാകരിച്ചു.
സഹോദരന്‍ ചെയ്ത അപരാധത്തിനാണ് യാക്കൂബിനെ കൊന്നത്. ദാവൂദും താനും കീഴടങ്ങിയിരുന്നെങ്കില്‍ ഈ ഗതി തന്നെ ഉണ്ടാകുമായിരുന്നെന്നും ഷക്കീല്‍ പറഞ്ഞു. ഇനിയൊരിക്കലും ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കില്ല. ഇന്ത്യയില്‍ തിരിച്ചെത്തുകയുമില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. സുപ്രീംകോടതിയില്‍ പുലര്‍ച്ചെ ചീഫ്ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിന്റെ നേതൃത്വത്തില്‍ നാടകീയമായി നടന്ന വാദം കേള്‍ക്കലിലാണ് വധശിക്ഷയ്ക്കുള്ള ടാഡാ കോടതി വിധി നടപ്പാക്കാന്‍ അനുമതി ലഭിച്ചത്
1993 മാര്‍ച്ച് 12ന് മുംബൈ മഹാനഗരത്തെ നടുക്കിക്കൊണ്ട് 13 ഇടത്തായി നടന്ന സ്‌ഫോടനപരമ്പരയില്‍ 257 പേരാണ് മരിച്ചത്. ഈ കേസില്‍ വധശിക്ഷ വിധിച്ചത് ചോദ്യംചെയ്ത് മേമന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബുധനാഴ്ച തള്ളിയിരുന്നു.
തുടര്‍ന്നാണ് സുപ്രീംകോടതി വാദം കേട്ടതും 53ാം ജന്മദിനത്തില്‍ മേമനെ തൂക്കിലേറ്റിയതും. ഉയര്‍ന്ന സുരക്ഷാസന്നാഹങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നാഗ്പുരിലും മുംബൈയിലും ഏര്‍പ്പെടുത്തിയിരുന്നത്.


