തിരുവനന്തപുരം: യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ച് ശശി തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റ്. ‘ഒരു മനുഷ്യനെ നമ്മുടെ സര്‍ക്കാര്‍ തൂക്കിലേറ്റുന്നു എന്നത് അതീവ ദുഃഖകരമായ വാര്‍ത്തയാണ്. ഭരണകൂടം നടപ്പാക്കുന്ന കൊലപാതങ്ങള്‍ നമ്മളെയെല്ലാം കൊലപാതകിയാക്കുകയാണ്. ഭീകരവാദത്തെ എന്ത് വിലകൊടുത്തും നമ്മള്‍ തടയണം. പക്ഷേ ഇത്തരം വധശിക്ഷകള്‍ ഭീകരവാദം ഇല്ലാതാക്കില്ല.’ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
മറ്റു കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പരസ്യമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റ്. മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മും നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെ 6.37ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റിയത്. ഇന്നലെ രാത്രി നാടകീയ നീക്കത്തില്‍ സുപ്രീം കോടതിക്കു മുന്നില്‍ യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ആനന്ദ് ഗ്രോവര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയെങ്കിലും മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിന് ഒടുവില്‍ സുപ്രീം കോടതി അന്തിമ തീര്‍പ്പുകല്‍പിച്ചത്.


