യാക്കൂബിന്റെ വധശിക്ഷയ്ക്ക് പകരം ചോദിക്കുമെന്ന് ടൈഗര്‍ മേമന്‍

മുംബൈ: അനുജന്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍. മുംബൈയിലെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചാണ് ടൈഗര്‍ മേമന്‍ ഇക്കാര്യം അറിയിച്ചത്.

യാക്കൂബിനെ തൂക്കിലേറ്റിയ ജൂലൈ 30ന് പുലര്‍ച്ചെയാണ് മുംബൈയിലെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ടൈഗര്‍ മേമന്റെ വിളിയെത്തുന്നത്. പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലുള്ള ഇവിടേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടൈഗര്‍ വിളിക്കുന്നത്. മേമനുമായി നടത്തിയ സംഭാഷണങ്ങള്‍ മുംബൈ പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത മുംബൈ പോലീസ് സംസാരിച്ചത് ടൈഗര്‍ മേമന്‍ തന്നെയാണന്ന് സ്ഥിരീകരിച്ചു. പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ആദ്യം ഫോണെടുത്തത്. അമ്മയ്ക്ക് ഫോണ്‍ കൈമാറാന്‍ ഇയാളോട് മേമന്‍ ആവശ്യപ്പെട്ടു.ആദ്യം ടൈഗറിനോട് സംസാരിക്കാന്‍ അമ്മ ഹനീഫ വിസമ്മതിച്ചു. പിന്നീട് എല്ലാം അവസാനിപ്പിക്കാന്‍ കരഞ്ഞുകൊണ്ട് മേമനോട് ഹനീഫ പറഞ്ഞു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ പകരം ചോദിക്കുമെന്നായിരുന്നു മേമന്റെ മറുപടി. പിന്നീട് ഹനീഫയില്‍ നിന്നും ഫോണ്‍ വാങ്ങിയ ആളോടാണ് കുടുംബത്തിന് കണ്ണീര് വെറുതെയാവില്ല എന്ന മേമന്‍ അറിയിച്ചത്. ഇന്റര്‍നെറ്റ് വഴിയാണ് മേമന്‍ വിളിച്ചത്. എന്നാല്‍ ഐ.പി അഡ്രസ് തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല. മൂന്ന് മിനിട്ട് മാത്രമാണ് സംഭാഷണം നീണ്ടു നിന്നത്. ടൈഗര്‍ പാകിസ്താനിലാണന്നാണ് കരുതുന്നത്.

ഇയാളുടെ ശബ്ദമാണിതെന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടൈഗര്‍ മേമന്‍ ഇപ്പോഴും കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1993ല്‍ നടന്ന മുംബൈ സ്‌ഫോടനത്തിന് ശേഷം രാജ്യം വിട്ട ടൈഗര്‍ മേമന്റെ ശബ്ദം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്.

Top