യമനില്‍ വ്യോമാക്രമണത്തില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം

സനാ: യെമനില്‍ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഒരാളെ കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് സൂചന. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. ഇതില്‍ 14 പേര്‍ സുരക്ഷിതരാണ്. ആക്രമണത്തില്‍ പരുക്കേറ്റ നാലു പേര്‍ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. അല്‍ ഹുദെയ്ദ തുറമുഖത്ത് എണ്ണകടത്തികൊണ്ടു പോകുന്ന ബോട്ടുകള്‍ക്കു നേരെയാണ് സേന ആക്രമണം നടത്തിയത്.

20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 13 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഏഴുപേരെ കാണാതായിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചിരുന്നു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.

Top