യുദ്ധം രൂക്ഷമായ യമനില്‍ വിമത പക്ഷത്തിന്റെ മുന്നേറ്റം തുടരുന്നു

യെമനില്‍ വ്യോമാക്രമണം ശക്തമായി തുടരുമ്പോഴും വിമതര്‍ മുന്നേറ്റം തുടരുന്നു. ഏഡന്‍ നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെ നിയന്ത്രണം വിമതപക്ഷമായ ഹൂതികള്‍ പിടിച്ചെടുത്തു.

പ്രസിഡന്റ് അനുകൂല ഹാദി വിഭാഗവും, ഹൂതി വിഭാഗവും കൂടുതല്‍ പ്രദേശങ്ങള്‍ക്കായി പോരാട്ടം കടുപ്പിച്ചതോടെ യെമനിലെ കലാപം കൂടുതല്‍ രൂക്ഷമായി. ഏഡനിലെ തുറമുഖത്ത് കനത്ത ഷെല്ലിങാണ് ഇന്നലെ നടന്നത്. ഇന്നലെ മാത്രം അന്‍പതോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ 37 ഹൂതി വിഭാഗക്കാരും 12 ഹാദിപക്ഷക്കാരും ഉള്‍പ്പെടും. ജനവാസപ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തിയ ഹൂതി വിഭാഗം ഒട്ടേറെ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കി.

അഞ്ഞൂറിലധികം പേര്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. വെടിവയ്പ്പും ബോംബിങ്ങും കാരണം ജനങ്ങള്‍ പുറത്തിറങ്ങാനാകാതെ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്.യുദ്ധമേഖലയില്‍ വിമാനമാര്‍ഗം സഹായമെത്തിക്കാനായി റെഡ്‌ക്രോസിന് സഖ്യസേന അനുമതി നല്‍കിയിട്ടുണ്ട്. ഏഡനില്‍ സഹായം നല്‍കാനായി 24 മണിക്കൂര്‍ വെടിനിര്‍ത്തണമെന്ന് റെഡ്‌ക്രോസ് ആഹ്വാനം ചെയ്തു.

Top