മോഹന്‍ലാലും മമ്മൂട്ടിയും ഷാജികൈലാസ് ചിത്രത്തില്‍

മലയാളത്തിലെ താരരാജാക്കന്‍മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ഷാജി കൈലാസ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഷാജികൈലാസ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് തന്റെ അടുത്ത ചിത്രമെന്നും പ്രിയപ്പെട്ടവരായ രഞ്ജിപണിക്കര്‍, രഞ്ജിത്ത് എന്നിവരും ചിത്രത്തില്‍ ഒപ്പമുണ്ടാകുമെന്നും ഷാജി കൈലാസ് വ്യക്തമാക്കി. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും നിങ്ങളുടെയെല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രഞ്ജിത്തും രണ്‍ജി പണിക്കറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി എന്ന ചിത്രത്തിലായിരുന്നു ലാലും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ആശീര്‍വാദും മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത് രണ്ടാം തവണയും. നേരത്തെ നരസിംഹത്തിലായിരുന്നു ഇവര്‍ ഒന്നിച്ചത്.

Top