മോഹന്‍ലാലിന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍

പാപനാശം എന്ന ചിത്രം പ്രേക്ഷകപ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലേക്ക് തന്റെ പേര് ശുപാര്‍ശ ചെയ്തത് മോഹന്‍ലാലാണെന്ന് കമല്‍ പറഞ്ഞു.

ദൃശ്യം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ അതില്‍ താന്‍ അഭിനയിക്കണമെന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നതായി താന്‍ അറിഞ്ഞു. ആ വേഷത്തോട് താന്‍ നീതി പുലര്‍ത്തുമെന്ന് അദ്ദേഹത്തിന് തോന്നിയെന്നും അങ്ങനെയാണ് ലാല്‍ ഈ ചിത്രത്തിലേക്ക് തന്നെ ശുപാര്‍ശ ചെയ്തതെന്നും കമല്‍ പറഞ്ഞു. തന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കുന്നതെന്നും അതിന് അവസരമൊരുക്കിയതിന് ലാലിനോട് ഏറെ നന്ദിയുണ്ടെന്നും കമല്‍ വ്യക്തമാക്കി.

എന്നാല്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമായത് നിര്‍ഭാഗ്യകരമാണെന്ന് കമല്‍ പറഞ്ഞു. ഭാവിയില്‍ വരുന്ന ഒരു സിനിമയ്ക്കും സുരക്ഷിതമല്ലാത്ത ഈ സ്ഥിതി അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച വേഷം തന്നെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളും സംവിധാനം ചെയ്തതും ജീത്തു ജോസഫ് ആയിരുന്നു. ഗൗതമി, നിവേദ തോമസ്, ആനന്ത് മഹാദേവന്‍, ആശാ ശരത്ത്, കലാഭവന്‍ മണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദൃശ്യം ഇതിന് മുന്പ് തെലുങ്കിലും കന്നടയിലും റീമേയ്ക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജൂലായ് 31ന് പുറത്തിറങ്ങും. ദൃശ്യം എന്ന് തന്നെയാണ് ചിത്രത്തിന്റെ ഹിന്ദിയിലെ പേര്. അജയ് ദേവ്ഗണാണ് നായക വേഷം അവതരിപ്പിക്കുന്നത്.

Top