ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷത്തെ വിദേശ യാത്രയ്ക്ക് ചെലവായത് 37 കോടി രൂപ. 16 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള കണക്കാണിത്.
16 രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിരിക്കുന്നത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെ 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ (8.91 കോടി), യുഎസ് (6.13 കോടി), ജര്‍മനി (2.92 കോടി), ഫിജി (2.59 കോടി), ചൈന (2.34 കോടി) പട്ടികയിലെ ആദ്യ അഞ്ചു രാജ്യങ്ങള്‍ ഇവയാണ്. ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാരിന്റെ ആദ്യ 365 ദിവസങ്ങളില്‍ 53 ദിവസവും പ്രധാനമന്ത്രി വിദേശത്തായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യ വര്‍ഷവും വിഭിന്നമായിരുന്നില്ല. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആദ്യ വര്‍ഷം 47 ദിവസങ്ങള്‍ കൊണ്ട് 12 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


