ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ എല്‍ഇഡി ലൈറ്റ് പദ്ധതിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണവുമായി ബിജെപിയുടെ സഖ്യകക്ഷി ശിവസേന രംഗത്ത്. ഡല്‍ഹിയും മുംബൈയും അടക്കം രാജ്യത്തെ 100 പ്രധാന നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചതാണ് പദ്ധതി.
ഈ നഗരങ്ങളിലെ നിലവിലുള്ള ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയ ഉടന്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എനര്‍ജി എഫിഷന്‍സി സര്‍വ്വീസ് ലിമിറ്റഡ് (ഇഇഎസ്എല്‍) എന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ എല്‍ഇഡി ലൈറ്റുകള്‍ നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനിയാണ് ഇഇഎസ്എല്‍. സ്വകാര്യ കമ്പനികളില്‍ നിന്നും സംഭരിച്ചാണ് ഇഇഎസ്എല്‍ സര്‍ക്കാര്‍ സ്‌കീമില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ക്രോപ്റ്റണ്‍ ഗ്രേവ്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ഇത്തരത്തില്‍ ഇഇഎസ്എലിന് എല്‍ഇഡി ലൈറ്റ് വിതരണം ചെയ്യുന്ന കമ്പനികളിലൊന്ന്. ഈ കമ്പനിക്ക് തികച്ചും സുതാര്യമല്ലാത്ത നടപടികളിലൂടെ വഴിവിട്ടാണ് കരാര്‍ നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന തെളിവുകള്‍.
സ്വകാര്യ കമ്പനികളില്‍നിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയശേഷം സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് എല്‍ഇഡികള്‍ സ്ഥാപിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ നേരിട്ടാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
100 നഗരങ്ങള്‍ക്ക് പുറമേ എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും എല്‍ഇഡി ലൈറ്റിലേക്ക് മാറുമെന്നാണ് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ വീടൊന്നിന് സബ്‌സിഡി നല്‍കി രണ്ട് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിലും കോടികളുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടുണ്ട്.
മോഡി സര്‍ക്കാരിനെതിരെ പുറത്തുവരുന്ന ആദ്യ അഴിമതിയാണിത്. മുംബൈയില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുണ്ടായ തര്‍ക്കമാണ് പദ്ധതിക്ക് പിന്നിലെ അഴിമതി മറനീക്കി പുറത്തുകൊണ്ടുവന്നത്.
ശിവസേനയ്ക്ക് ആധിപത്യമുള്ള ബിര്‍ഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശിവസേനയുടെ എതിര്‍പ്പിനെ അവഗണിച്ച് പദ്ധതി നടപ്പാക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് പരസ്യ അഴിമതി ആരോപണവുമായി ശിവസേന രംഗത്തെത്തിയത്.
പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് ചുവപ്പ് ലൈറ്റ് നഷ്ടമാകുമെന്ന് ശിവസേന എം.പി സഞ്ജയ് റാവ്ത്ത് അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് ലൈറ്റ് നഷ്ടമാകുമെന്ന് പറയുന്ന മന്ത്രിമാരുടെ പേരു വെളിപ്പെടുത്താന്‍ ശിവസേന തയ്യാറാകണമെന്ന് മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഞ്ജയ് നിരുപം ആവശ്യപ്പെട്ടു.


