ന്യൂഡല്‍ഹി: വ്യോമസേനക്കുവേണ്ടി ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എടുത്ത തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സുബ്രഹ്മണ്യം സ്വാമിയുടെ വെല്ലുവിളി.
സ്വന്തം പാളയത്തില്‍നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പ് വിദേശ സന്ദര്‍ശനം നടത്തുന്ന മോഡിക്ക് ക്ഷീണമായി. ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയാണ് വിമാന നിര്‍മാണ രംഗത്തെ മറ്റൊരു അതികായനായ തൈഫൂണിനെ പിന്‍തള്ളി ഇന്ത്യയുടെ പോര്‍വിമാന കരാര്‍ നേടുന്നത്.
ഡസോള്‍ട്ടിന്റെ റാഫേല്‍ വിമാനം വാങ്ങുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉന്നത സാങ്കേതികവിദ്യ അവകാശപ്പെടുന്നതല്ലാതെ വിമാനത്തിന് ഇന്ധനക്ഷമതയില്ല. പ്രവര്‍ത്തന മേന്മ അവകാശപ്പെടാനില്ല. ലോകത്ത് ഒരു രാജ്യവും ഈ വിമാനം വാങ്ങാന്‍ തയാറാവുന്നില്ല. ധാരണപത്രം ഒപ്പുവെച്ചശേഷം പിന്മാറിയ പല രാജ്യങ്ങളുമുണ്ട്.
ഇടപാടില്‍ അഴിമതിയാരോപണവും സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചു. ആയുധ ദല്ലാളന്മാരായ ടി.ഡി.കെ-ക്ക് വന്‍ കോഴ ലഭിച്ചിട്ടുള്ള ഇടപാടാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കരാറുമായി മുന്നോട്ടുപോകാന്‍ മോഡിക്കുമേല്‍ സമ്മര്‍ദമുണ്ടെങ്കില്‍ തനിക്ക് കോടതിയെ സമീപിക്കാതെ നിര്‍വാഹമില്ലെന്ന് സ്വാമി ട്വിറ്റര്‍ സന്ദേശങ്ങളില്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച സുബ്രമണ്യന്‍ സ്വാമിയും മോഡിയും തെറ്റുന്നതിന്റെകൂടി തെളിവാണ് പരസ്യമായ വിമര്‍ശനം.
2012ല്‍ എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കേയാണ് യൂറോപ്പ്, അമേരിക്ക, റഷ്യ എന്നിവിടങ്ങളിലെ വന്‍കിട കമ്പനികളെ മാറ്റിനിര്‍ത്തി റാഫേല്‍ വിമാനക്കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് പച്ചക്കൊടി കാണിച്ചത്.
എന്നാല്‍, ഭരണം മാറിയ ശേഷം, കുറച്ചുകാലം പ്രതിരോധമന്ത്രി സ്ഥാനം വഹിച്ച അരുണ്‍ ജെയ്റ്റ്‌ലിയാണ് മറ്റ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
ഇപ്പോഴാകട്ടെ, വകുപ്പുമന്ത്രി മനോഹര്‍ പരീക്കര്‍ ഒപ്പമില്ലാത്ത വിദേശയാത്രയിലാണ് പോര്‍വിമാന ഇടപാട് നടത്താനുള്ള തീരുമാനം നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ പദ്ധതി പ്രകാരം 126 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കാണ് ചര്‍ച്ചകള്‍ നടന്നത്.
36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് ഇന്ത്യക്ക് കൈമാറുന്ന പദ്ധതിയാണ് മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
സുബ്രഹ്മണ്യം സ്വാമി പിണങ്ങുന്നത് മോഡിക്ക് വിനയാകും. 2ജി സ്‌പെക്ട്രം അഴിമതിയില്‍ സിബിഐ അന്വേഷണമുണ്ടായത് സ്വാമി അടക്കമുള്ളവരുടെ ഹര്‍ജിയിലാണ്.
ആര്‍എസ്എസുമായി അടുത്ത ബന്ധമാണ് സ്വാമിക്കുള്ളത്. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനതാപാര്‍ട്ടിയെ സ്വാമി ബിജെപിയില്‍ ലയിപ്പിച്ചത്.


