മോഡി വിമര്‍ശനം: വിദ്യാര്‍ഥി സംഘടനയെ വിലക്കിയതില്‍ വന്‍ പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള നിരവധി യുവജന സംഘടനകള്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

രാവിലെ ഐഐടിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മറ്റ് യുവജന സംഘടനകളും വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ എന്‍എസ്‌യുഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ദളിത് വിദ്യാര്‍ഥികള്‍ അംഗങ്ങളായുള്ള മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനാണു (എപിഎസ്‌സി) നിരോധനം ഏര്‍പ്പെടുത്തിയത്. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര മാനവവിഭവശേഷി വികസന (എച്ച്ആര്‍ഡി) മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണു ഫോറം പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരാതി.

Top