മോഡിയുമായി ആര്‍.എസ്.എസ് ഇടയുന്നു; കേന്ദ്രത്തിന്റെ പ്രചാരകരാകേണ്ടെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: എല്‍.കെ അധ്വാനിയെ വെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി അവരോധിച്ച ആര്‍.എസ്.എസ് മോഡിയുമായി ഇടയുന്നു.

ആര്‍.എസ്.എസിനെ അവഗണിച്ച് ബി.ജെ.പിയുടെ നിയന്ത്രണം മോഡിയും അമിത്ഷായും കവര്‍ന്നെടുക്കുന്നതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരകാരാകേണ്ടെന്ന് ആര്‍.എസ്.എസ് നേതൃത്വം കേഡര്‍മാരായ സ്വയംസേവകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ബിഹാറില്‍ വെച്ചാണ് അധികാരത്തിന്റെ പളുങ്ക് കുപ്പായം കണ്ട് വീണുപോകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഉപമേധാവി ഭയ്യാജി ജോഷി ഉപദേശം നല്‍കിയത്.

ബിഹാറില്‍ രണ്ടിടങ്ങളിലായി നടന്ന പരിപാടികളിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന സൂചന ജോഷി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളിലെ എതിര്‍പ്പുകള്‍ പ്രകടമാക്കുന്നതാണ് ആര്‍.എസ്.എസ് ഉപമേധാവിയുടെ വാക്കുകളെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

അധികാര രാഷ്ട്രീയത്തേക്കാള്‍ സംഘടന ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നാണ് ജോഷിയുടെ ഉപദേശം. ദേശസേവനത്തിനാണ് നമ്മള്‍ ഒരുമിച്ചുകൂടിയതെന്നും പ്രശംസക്ക് വേണ്ടിയല്ലെന്നുമാണ് ഓര്‍മപ്പെടുത്തല്‍.

അതേസമയം, അംഗബലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന മെംബര്‍ഷിപ് ക്യാംപയിനുകള്‍ ആര്‍.എസ്.എസുമായുള്ള പാര്‍ട്ടിയുടെ ബന്ധം കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്.

അംഗബലം വര്‍ധിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആളെ കൂട്ടുകയെന്ന ദൗത്യത്തില്‍നിന്ന് സ്വയം സേവക് സംഘത്തെ മാറ്റിനിര്‍ത്താമെന്ന ഹിഡന്‍ അജണ്ടയും ബി.ജെ.പിക്കുണ്ട്.

കൂടാതെ, രാഷ്ട്രീയ ഉപദേശങ്ങള്‍ക്ക് സംഘിനെ ആശ്രയിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനകളും ബി.ജെ.പി ഇടക്കിടെ നല്‍കുന്നുണ്ട്. ഇതുവരെ ആര്‍.എസ്.എസിന്റെ പരിവാര്‍ സംഘടനകളില്‍ ഒന്നു മാത്രമാണ് ബി.ജെ.പി. ഇതില്‍ നിന്നും വേറിട്ട് ബി.ജെ.പിയെ കൈപ്പിടിയിലൊതുക്കാനാണ് മോഡിയും അമിത്ഷായും ശ്രമിക്കുന്നത്.

മോഡിയുടെ ഭൂമിയേറ്റെടുക്കല്‍ ബില്‍, കോര്‍പ്പറേറ്റ് പ്രീണനം എന്നീ നയങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന രാഷ്ട്രീയ വാഗ്ദാനത്തില്‍ നിന്നും ഭരണം ലഭിച്ചപ്പോള്‍ മോഡി പിന്നോട്ട് പോകുന്നതിലെ കടുത്ത എതിര്‍പ്പ് ആര്‍.എസ്.എസും വി.എച്ച്.പിയും പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കുവേണ്ടി ശക്തമായി പ്രചരണരംഗത്തിറങ്ങിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ മോഡി ആര്‍.എസ്.എസിനെ മറന്ന് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിലാണ് സംഘപരിവാര്‍ നേതൃത്വത്തിനു അതൃപ്തി.

Top