ജറുസലേം: യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രയേലിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇസ്രയേല്‍ ഒരുക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്നതിനേക്കാള്‍ വലിയ സ്വീകരണം.
ചരിത്രത്തിലാദ്യമായി തങ്ങളുടെ മണ്ണില്‍ വന്നിറങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവന് ഉചിതമായ സ്വീകരണമൊരുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്.
അറബ് രാഷ്ട്രങ്ങളുടെ അപ്രീതി പേടിച്ച് മുന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കിയപ്പോള്‍ അറബ് രാഷ്ട്രങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി അവിടെ ഇളക്കി മറിച്ചാണ് ഇസ്രയേലിന്റെ മണ്ണില്‍ മോഡി കാലുകുത്തുന്നതെന്ന പ്രത്യേകതകൂടി ഈ സന്ദര്‍ശനത്തിലുണ്ട്.
പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷം ഇപ്പോഴും അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനത വസിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നതിനെ ചരിത്രപരമായ പ്രാധാന്യത്തോട് കൂടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വിലയിരുത്തുന്നത്.
ചെറിയരാജ്യമാണെങ്കിലും ടെക്‌നോളജിയിലും ബുദ്ധി ശക്തിയിലും ലോകത്തെ ഒന്നാം നമ്പറുകാരാണ് ഇസ്രയേല്‍.
ലോക പൊലീസുകാരായ അമേരിക്കയും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങള്‍ സൈനിക -രഹസ്യന്വേഷണ മേഖലയില്‍ ഇസ്രയേലുമായി വര്‍ഷങ്ങളായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.
ലോകത്തെ ഏറ്റവും ഇഫക്ടീവായ ഒന്നാമത്തെ രഹസ്യന്വേഷണ ഏജന്‍സിയാണ് ഇസ്രയേലിന്റെ മൊസാദ്. അമേരിക്കയുടെ സിഐഎക്കും, റഷ്യന്‍, ചൈന, ബ്രിട്ടന്‍ തുടങ്ങിയ വന്‍ ശക്തികളുടെ രഹസ്യാന്വേഷണ വിഭാഗത്തിനും മൊസാദിന് പിന്നിലാണ് സ്ഥാനം.
ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ആയുധമേഖലകളിലും ഈ ഇസ്രയേല്‍ മേധാവിത്വം പ്രകടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉപയോഗിക്കുന്ന പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങളും ഇതില്‍പെടും.
മൊസാദുമായി നിരവധി വര്‍ഷങ്ങളായി സഹകരിച്ചാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദ ഗ്രൂപ്പായ ഐ.എസിന്റെ ടാര്‍ഗറ്റില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും ഗൗരവമായാണ് വീക്ഷിക്കുന്നത്.
തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സംയുക്തമായ പോരാട്ടത്തിന് ഇന്ത്യയും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന.
നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ജപ്പാന്‍, ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും ഭീകരതയ്‌ക്കെതിരായ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യ ഇക്കാര്യത്തില്‍ സൈനികപരമായ നീക്കങ്ങളില്‍ കൂടി പങ്കാളിയായാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിന് ശേഷം നടത്തിയ വിദേശ രാജ്യ സന്ദര്‍ശനത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടതും അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, ജപ്പാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ചൈന, യു.എ.ഇ തുങ്ങിയ രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമായതും ലോക ശക്തികളില്‍ നിര്‍ണ്ണായകമായ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇന്ത്യക്ക് വഴിയൊരുക്കിയതായി നയതന്ത്ര വിഗദ്ധരും ചൂട്ടിക്കാട്ടുന്നുണ്ട്.
ചൈന സന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്റുമായി ചേര്‍ന്ന് നരേന്ദ്ര മോഡി എടുത്ത സെല്‍ഫി ലോകത്തിലെ ഏറ്റവും ശക്തമായ സെല്‍ഫിയായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയത്.
ഇതിന് സമാനമായി യു.എ ഇ സന്ദര്‍ശന വേളയില്‍ ഭരണാധികാരികള്‍ക്കൊപ്പം എടുത്ത ‘സെല്‍ഫി ഡിപ്ലോമസിയും’ മോഡിയുടെ തുറുപ്പ് ചീട്ടായി മാറിയിരിക്കുകയാണിപ്പോള്‍.
ഉറങ്ങുന്ന ആനയായി വിമര്‍ശകര്‍ വിലയിരുത്തുന്ന ഇന്ത്യക്ക് നയതന്ത്ര രംഗത്തെങ്കിലും ഉണര്‍ന്നിരിക്കാന്‍ മോഡിയുടെ നേതൃപരമായ ഇടപെടല്‍ വഴി കഴിഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും മോഡി ടീം വരുത്തിയ ഇടപെടല്‍ ടീം ഇന്ത്യക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഗുണകരമായിരിക്കുന്നത്.
സാമ്പത്തികസൈനിക ശക്തികള്‍ കൊണ്ട് അമേരിക്കയും മറ്റ് വികസിത രാജ്യങ്ങളും ലോക രാജ്യങ്ങളെ കീഴ്‌പ്പെടുത്തുമ്പോള്‍ ‘സോഫ്റ്റ് പവര്‍’ കൊണ്ടാണ് മോഡി ലോക മനസാക്ഷി കീഴടക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം യഥാര്‍ത്ഥ ‘ഇന്റര്‍നാഷ്ണല്‍ ഫെയ്‌സായി’ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാറുന്നത് ഇപ്പോഴാണ്.
സൈനിക ശക്തിയില്‍ ലോക രാഷ്ട്രങ്ങളില്‍ പ്രധാന സ്ഥാനം ഇന്ത്യക്കുണ്ടെങ്കിലും ഇന്ത്യയുടെ മിലിട്ടറി ബഡ്ജറ്റ് ഒരു വര്‍ഷം 40 ദശലക്ഷം കോടി ഡോളര്‍ മാത്രമാണ്.
ചൈനയില്‍ ഇത് 120 ദശലക്ഷം ഡോളറും ലോക വന്‍ശക്തിയായ അമേരിക്ക 600 ദശലക്ഷം ഡോളറുമാണ് മിലിട്ടറി ബഡ്ജറ്റിനായി നീക്കി വയ്ക്കുന്നത്.
സാമ്പത്തികമായി വളര്‍ച്ച സൃഷ്ടിക്കാന്‍ യു.എഇ, ഇറാന്‍ അടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങളുമായി സഹകരിക്കുന്ന ഇന്ത്യ, അതേസമയം മുസ്ലീം രാഷ്ട്രങ്ങള്‍ ശത്രുവായി കരുതുന്ന ഇസ്രയേലുമായാണ് സൈനിക സഖ്യത്തിന് തയ്യാറെടുക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.
മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശന വേളയിലുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ഇന്ത്യക്കും ഇസ്രയേലിനും മാത്രമല്ല ലോക രാജ്യങ്ങള്‍ക്ക് തന്നെ നിര്‍ണ്ണായകമാണ്.


