കൊല്‍ക്കത്ത: ബംഗാളില്‍ ഭരണം പിടിക്കാനുള്ള നരേന്ദ്ര മോഡിയുടെ മോഹങ്ങള്‍ക്കു തിരിച്ചടി നല്‍കി മമതാ ബാനര്‍ജിക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം.
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അപ്രസക്തമാക്കിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയത്. 144 അംഗ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ 114 വാര്‍ഡുകളും തൃണമൂല്‍ നേടി.
സംസ്ഥാനത്തെ 92 തദ്ദേശ സ്ഥാപനങ്ങളില്‍ 71 എണ്ണത്തിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇടതുമുന്നണി അഞ്ചും കോണ്‍ഗ്രസ് നാലും മുനിസിപ്പാലിറ്റികളില്‍ ഭരണംനേടി. ബിജെപിക്ക് ഒരിടത്തും ഭരണം നേടാനായില്ല. 12 എണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
കഴിഞ്ഞതവണ 33 മുനിസിപ്പാലിറ്റികളില്‍ ഭരണം നേടിയ സ്ഥാനത്താണ് ഇത്തവണ തൃണമൂല്‍ 69 മുനിസിപ്പാലിറ്റികളില്‍ ഭരണംപിടിച്ചത്. കൊല്‍ക്കത്ത കോര്‍പറേഷനില്‍ കഴിഞ്ഞതവണ ടിഎംസിക്ക് 95 സീറ്റാണുണ്ടായിരുന്നത്.
മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണിയുടെ അംഗബലം 33 ല്‍നിന്ന് 15 ആയി ചുരുങ്ങി. മൂന്ന് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഏഴ് സീറ്റ് മാത്രമാണ് നേടാനായത്. സ്വതന്ത്രര്‍ക്ക് മൂന്നു സീറ്റ് ലഭിച്ചു.
അതേസമയം, സിലിഗുരി മുനിസിപ്പല്‍ കോര്‍പറേഷനിലെ 47 സീറ്റില്‍ ഇടതുമുന്നണി 23 എണ്ണം നേടി. തൃണമൂല്‍ കോണ്‍ഗ്രസിന് 17 സീറ്റാണ് ലഭിച്ചത്. അടുത്ത വര്‍ഷാദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഭിച്ച മികച്ച ജയം തൃണമൂല്‍ കോണ്‍ഗ്രസിന് കരുത്ത് പകരുന്നതാണ്.
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ചില പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടതിന്റെയും അഴിമതിയുടെയും പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന മമതക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.
നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയാണ് മമത. ബംഗാളില്‍ മമതയെ തകര്‍ക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ അതും വിജയം കണ്ടില്ല.


