മലപ്പുറം: നരേന്ദ്ര മോഡിയുടെ ഭരണം കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ‘ഇ എം എസിന്റെ ലോകം’ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം നിഷേധിക്കുന്നതും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കൈ കടത്തുന്നതും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് യെച്ചൂരി പറഞ്ഞു.
കാര്‍ഷിക മേഖലയാണ് ഈ ഭരണത്തിന്റെ പ്രധാന ഇര. കര്‍ഷക ആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. രാജ്യത്തിന്റെ അന്നദാതാക്കള്‍ എന്നറിയപ്പെടുന്ന പഞ്ചാബില്‍പ്പോലും കൃഷിക്കാര്‍ ആത്മഹത്യയുടെ പിടിയിലാണ്. പട്ടിണി പരിഹരിക്കുന്നതിന് പകരം യോഗയുടെ മഹത്വം പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ.
യോഗ ആരോഗ്യത്തിന് നല്ലതാണെങ്കിലും പട്ടിണികിടക്കുന്ന 194 ദശലക്ഷം പേര്‍ക്ക് അതിലൂടെ എന്ത് ഗുണമാണ് ലഭിക്കുക. രാജ്യത്ത് 54 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ്. അവര്‍ക്ക് ആവശ്യം ഭക്ഷണമാണ്.
നാനാത്വമാണ് നമ്മുടെ ശക്തിയെന്ന് മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. അവര്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കയും ചെയ്യുന്നു.
ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികളാണ് കേരള വികസനത്തിന് ശക്തമായ അടിത്തറയായത്. ആരോഗ്യ, സാമൂഹ്യക്ഷേമ രംഗങ്ങളില്‍ കേരളത്തിന്റെ സൂചിക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം എത്താന്‍ അത് ഇടയാക്കി.
രാഷ്ട്രീയത്തിലെ ധാര്‍മികത മുറകെപ്പിടിച്ചായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനങ്ങള്‍. അതേ സമയം, അഴിമതി വ്യാപകമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ധാര്‍മികതയെല്ലാം തകര്‍ത്തു യെച്ചൂരി പറഞ്ഞു.

