മോഡിയുടെ അദ്ധ്യാപകദിന പ്രസംഗം മാതൃകാപരമെന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍. നരേന്ദ്ര മോഡിയുടെ അദ്ധ്യാപകദിന പ്രസംഗം മാതൃകാപരമെന്ന് ലാല്‍ ബ്ലോഗില്‍ കുറിച്ചു. മോഡി കുട്ടികള്‍ക്ക് നല്‍കിയത് ഏറ്റവും നല്ല ഉപദേശമാണ്. ആരെങ്കിലും ആവാനല്ല എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് സ്വപ്നം കാണേണ്ടത് എന്ന മോഡിയുടെ വാക്കുകള്‍ ഒരുപാട് മാനങ്ങളുള്ളതാണെന്ന് തന്റെ ബ്‌ളോഗായ ദ കംപ്‌ളീറ്റ് ആക്ടര്‍ ഡോട്ട് കോമില്‍ ലാല്‍ കുറിച്ചു.

ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധമായും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി ഇത്രയും മോശമാവുമായിരുന്നില്ല. റോഡുകള്‍ പലതും മനുഷ്യര്‍ പോയിട്ട് മാടുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ യോഗ്യമല്ലായിരിക്കുന്നു. അതിന് ഉത്തരവാദികള്‍ റോഡ് നിര്‍മിച്ചവരും അത് ഉണ്ടാക്കിച്ചവരുമാണ്. ചെയ്യുന്ന കാര്യങ്ങള്‍ ആത്ഥാമാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്യുക എന്നത്  ജീവിത തത്വം മാത്രമല്ല. ഒരു സംസ്‌കാരം കൂടിയാണ്. കഴിഞ്ഞ 36 വര്‍ഷമായി അഭിനയരംഗത്തുള്ള താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമാണ് ആ ജോലി ചെയ്തിട്ടുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു. അത് സമൂഹത്തോടുള്ള തന്റെ സമര്‍പ്പണമാണ് എന്നും ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓരോരുത്തരും സ്വന്തം ജോലി ആത്മാര്‍ത്ഥതയോടും സത്യസന്ധമായും ചെയതാല്‍ മാത്രമെ കേരള ജനതയുടെ ദുസഹമായ ജീവിതത്തെ മാറ്റിയെടുക്കാനാവു. എന്റെ മക്കളുടേതടക്കമുള്ള വരും തലമുറയ്‌ക്കെങ്കിലും അത്തരമൊരു സംസ്‌കാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ബ്‌ളോഗ് അവസാനിപ്പിക്കുന്നത്.

Top