ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാറിനെതിരെ സുബ്രഹ്മണ്യം സ്വാമിക്കു പിന്നാലെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്തെത്തി.
വളരെ മോശപ്പെട്ട രീതിയിലാണ് മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. മോഡിയുടെ ഭരണത്തിന്റെ ദിശ തെറ്റിയിരിക്കുകയാണ് എന്നുമായിരുന്നു ഷൂരിയുടെ വിമര്‍ശനം.
വാജ്‌പേയി മന്ത്രിസഭയിലെ വാര്‍ത്താവിനിമയ, ഐ.ടി മന്ത്രിയായിരുന്ന അരുണ്‍ ഷൂരി ഹെഡ് ലൈന്‍സ് ടുഡേയില്‍ കരണ്‍ ഥാപറിന് അനുവദിച്ച അഭിമുഖത്തിലാണ് ബിജെപി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
മോഡി, അമിത്ഷാ, അരുണ്‍ ജെയ്റ്റ് ലി എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടായി എന്നും അത് പത്തിലേക്ക് കടക്കും എന്നുമൊക്കെയുള്ളത് അവകാശവാദം മാത്രമാണ്. വാര്‍ത്തകളില്‍ ഇടം നേടാനുള്ള വിദ്യകളാണ് ഇത്തരം പ്രസ്താവനകകള്‍.
നയങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം വാര്‍ത്തകളില്‍ ഇടം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരുപാട് കഷ്ണങ്ങളാക്കിയ ഒരു വലിയ ചിത്രം ശരിയായി ചേര്‍ത്തുവെക്കാനറിയാതെ നില്‍ക്കുന്ന, ലക്ഷ്യമില്ലാത്ത അവസ്ഥയാണ് സര്‍ക്കാറിന്റേതെന്നും ഷൂരി വിമര്‍ശിച്ചു.
ബറാക് ഒബാമയുടെ സന്ദര്‍ശന സമയത്ത് തന്റെ പേര് ആലേഖനം ചെയ്ത സ്യൂട്ട് മോഡി ധരിച്ചതിനെയും ഷൂരി വിമര്‍ശിച്ചു. ഒരു വലിയ തെറ്റായിരുന്നു അത്. ആ സ്യൂട്ട് വാങ്ങി ധരിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ ഷൂരി പറഞ്ഞു.
നേരത്തെ വ്യോമസേനക്കുവേണ്ടി ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എടുത്ത തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സുബ്രഹ്മണ്യം സ്വാമി വെല്ലുവിളിച്ചിരുന്നു.
ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയുടെ റാഫേല്‍ വിമാനം വാങ്ങുന്നതില്‍ നിരവധി പ്രശ്‌നങ്ങള്‍ സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
ഇടപാടില്‍ അഴിമതിയാരോപണവും സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചു. ആയുധ ദല്ലാളന്മാരായ ടി.ഡി.കെക്ക് വന്‍ കോഴ ലഭിച്ചിട്ടുള്ള ഇടപാടാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കരാറുമായി മുന്നോട്ടുപോകാന്‍ മോഡിക്കുമേല്‍ സമ്മര്‍ദമുണ്ടെങ്കില്‍ തനിക്ക് കോടതിയെ സമീപിക്കാതെ നിര്‍വാഹമില്ലെന്നും സ്വാമി ട്വിറ്റര്‍ സന്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളവരാണ് സുബ്രഹ്മണ്യം സ്വാമിയും അരുണ്‍ ഷൂരിയും. ഇരുവരെയും കേന്ദ്ര മന്ത്രിസഭയിലെടുക്കാനുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം മോഡി ചെവിക്കൊണ്ടിരുന്നില്ല.
ഒടുവില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള അതൃപ്തിയും ആര്‍എസ്എസ് പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അരുണ്‍ ഷൂരിയുടെ വിമര്‍ശനം ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്.


