ന്യൂഡല്‍ഹി: കാശ്മീരില്‍ ഇന്നലെ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറും. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ വിശദമായ ചോദ്യം ചെയ്യലിനായാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടു നല്‍കുന്നത്.
ഇന്ത്യയില്‍ ഭീകരര്‍ പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നതിലൂടെ നവേദില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പേരും വയസും ഉള്‍പ്പെടെ ഭീകരന്‍ നല്‍കിയ വിവരങ്ങളില്‍ കൃത്യതയില്ല. പിടിയിലായ ഉടനെ കാസിമെന്നും പിന്നീട് ഉസ്മാനെന്നും ഒടുവില്‍ മുഹമ്മദ് നവീദാണെന്നും ഇയാള്‍ പേര് മാറ്റിപ്പറഞ്ഞു. ആദ്യം തനിക്ക് 20 വയസുണ്ടെന്നു പറഞ്ഞ നവീദ് പിന്നെ 16 വയസെന്ന് തിരുത്തിപ്പറഞ്ഞു.
പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാത ഇയാളില്‍നിന്നു മനസ്സിലാക്കാനാണ് അധികൃതരുടെ ശ്രമം. ഇന്ത്യയിലേക്കെത്തിയത് ഹിന്ദുക്കളെ കൊല്ലാനാണെന്നാണ് ഇയാള്‍ പറയുന്നത്.
തങ്ങള്‍ പന്ത്രണ്ട് ദിവസമായി ഇവിടെ എത്തിയിട്ടെന്നും ഈ ദിവസമത്രയും കാട്ടിലൂടെ നടക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും നവീദ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവേദ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണു ഭീകരന്‍ പിടിലായതോടെ ലഭിച്ചിരിക്കുന്നത്.


