മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

മുംബൈ: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിലെ 2.65 ശതമാനത്തെ അപേക്ഷിച്ച് മെയില്‍ 2.36 ശതമാനമായി കുറഞ്ഞു. എണ്ണ, നിര്‍മാണ വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയിടിവാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചത്.

തുടര്‍ച്ചയായി ഏഴാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പ നിരക്ക് കുറയുന്നത്. അതേസമയം, ഭക്ഷ്യ വില സൂചിക 3.8ശതമാനമായി ഉയര്‍ന്നു. പയറുവര്‍ഗങ്ങളുടെ വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്.

എണ്ണ മൊത്തവില സൂചിക മെയ് മാസത്തില്‍ 10.51 ശതമാനമായാണ് കുറഞ്ഞത്. ഏപ്രിലില്‍ ഇത് 13.31 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞ എണ്ണവില കുറച്ചുമാസങ്ങളായി വര്‍ധിച്ചുവരികയായിരുന്നു.

മാര്‍ച്ച് 31ന് ബാരലിന് 53.64 ഡോളറായിരുന്ന എണ്ണവില മെയ് അവസാനത്തോടെ 63.82 ഡോളറായി.

Top