മേരി കോം ബോക്‌സിങ് റിങ്ങിനോട് വിട പറയാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ബോക്‌സിംങ് താരം മേരി കോം ബോക്‌സിങ് റിങ്ങിനോട് വിട പറയാനൊരുങ്ങുന്നു. അടുത്ത വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സോടെ വിരമിക്കാനാണ് മേരിയുടെ തീരുമാനം. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മേരിയുടെ വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു മേരി.

എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്‌സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ ഒരു സ്വര്‍ണം നേടി രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷ് നല്‍കണമെന്നുണ്ട്. അതാണ് എന്റെ ലക്ഷ്യം. അതാവും എന്റെ അവസാനത്തെ മത്സരം മേരി പറഞ്ഞു. റിയോ ഒളിംപക്‌സിനുശേഷം ബോക്‌സിംങ് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശം.

അഞ്ചു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ മേരി നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. രാജ്യം 2013ല്‍ പത്മഭൂഷണും 2010ല്‍ പത്മശ്രീയും 2009ല്‍ രാജീവ്ഗാന്ധി ഖേല്‍രത്‌നയും 2003ല്‍ അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 2013ല്‍ ദിന സെര്‍തോയോടൊപ്പം അണ്‍ബ്രേക്കബിള്‍ എന്ന ആത്മകഥ ഇറക്കി. 2014 ല്‍ മേരിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര നായികയായ മേരി കോം എന്ന ചിത്രം ഒരുക്കിയിരുന്നു.

Top