മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ ഹോണ്ട മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിര്‍മ്മാണത്തിന് ഹോണ്ട മോട്ടോഴ്‌സ്. ഹോണ്ട ഇന്ത്യയുടെ നിര്‍മ്മാണവൈദഗ്ദ്യം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് നിര്‍മ്മാണം തുടങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് പറഞ്ഞു. സ്‌പോര്‍ട്ട് ബൈക്കായ സിബിആര്‍ 650 യുടെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുടെ ആവശ്യം വര്‍ധിച്ചതായും അടുത്ത അഞ്ച് മുതല്‍ പത്ത് വരെ വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ 35 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ഇവര്‍ വിലയിരുത്തി. 1,100 കോടി രൂപ നിക്ഷേപത്തില്‍ സ്ഥാപിക്കുന്ന പുതിയ പ്ലാന്റില്‍ ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ 3,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. വര്‍ഷം പത്തു ലക്ഷത്തിലധികം യൂണിറ്റ് ഉല്‍പ്പാദന ശേഷി കൈവരിക്കാന്‍ പ്ലാന്റിന് സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഹോണ്ടയുടെ രാജ്യത്തെ മൊത്തം ഉല്‍പ്പാദന ശേഷി അഞ്ചു ലക്ഷം ടണ്ണിലെത്തും.

ഇതിലൂടെ നിലവിലുള്ള തൊഴില്‍ ശക്തി വര്‍ധിപ്പിക്കുന്നതിനപ്പുറം ഹോണ്ട ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം ലോകവ്യാപകമായി 18 മില്യണ്‍ ബൈക്കുകളുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്നും മൊത്തം വില്‍പ്പനയുടെ 25 ശതമാനവും ഇന്ത്യയിലായിരിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ പറഞ്ഞു.

ഗുജറാത്തില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ പ്ലാന്റിന് പുറമെ ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിലവില്‍ മൂന്ന് പ്ലാന്റുകളാണ് ഹോണ്ടയ്ക്കുള്ളത്.

Top