മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി

കറ്റാനിയ: ഞായറാഴ്ച മെഡിറ്ററേനിയനില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടിലെ 24 പേരുടെ മൃതദേഹങ്ങളുമായി ഇറ്റലിയുടെ പട്രോള്‍ കപ്പല്‍ ഇന്നലെ മാള്‍ട്ടയില്‍ എത്തി.

ഇതിനിടെ ഗ്രീക്ക് ദ്വീപായ റോഡ്‌സിനു സമീപം മറ്റൊരു അഭയാര്‍ഥി ബോട്ട് ഇന്നലെ മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചുരുങ്ങിയതു മൂന്നു പേര്‍ കൊല്ലപ്പെട്ടു, രക്ഷാശ്രമം തുടരുകയാണ്.

ഞായറാഴ്ച മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടിലെ 700 പേരാണു കൊല്ലപ്പെട്ടത്. എന്നാല്‍ ബോട്ടില്‍ 950 പേരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശി പറഞ്ഞതായി സിസിലി പോലീസ് വ്യക്തമാക്കി. ലിബിയയില്‍ നിന്നാണ് അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് ഇറ്റാലിയന്‍ തീരത്തെ ലക്ഷ്യമാക്കി വ ന്നത്.

സമീപത്തുകൂടി പോയ യാത്രക്കപ്പലിന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി അഭയാര്‍ഥികള്‍ ബോട്ടിന്റെ ഒരു സൈഡിലേക്ക് ഓടിയെത്തിയതിനെത്തുടര്‍ന്നാണ് ബോട്ടു മുങ്ങിയത്. 28 പേരെ മാത്രമേ രക്ഷിക്കാനായുള്ളുവെന്ന് ഇറ്റാലിയന്‍ തീരസേനയുടെ വക്താവ് പറഞ്ഞു.

ലിബിയയില്‍നിന്ന് അനധികൃതമായി ആളുകളെ കൊണ്ടുവരുന്നതു തടയാന്‍ യുഎന്‍ ഇടപെട ണമെന്ന് മാള്‍ട്ടീസ് പ്രധാനമന്ത്രി ജോസഫ്മസ്‌കറ്റ് പറഞ്ഞു. അല്ലെങ്കില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top