മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുളളൂര്‍ക്കര സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗ ബാധിതരെന്നു സംശയിക്കുന്ന മറ്റു രണ്ടുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2012 നു ശേഷം ആദ്യമായാണു സംസ്ഥാനത്ത് കരിമ്പനി രോഗം സ്ഥിരീകരിക്കുന്നത്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് രോഗം കരിമ്പനി എന്നറിയപ്പെടുന്നത്. ഇത് കാലാ അസര്‍, ഡംഡം പനി എന്നിങ്ങനെയും അറിയപ്പെടും. സാന്‍ഡ് ഫൈ്‌ള എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്.

രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ ചികില്‍സകൊണ്ടു ഭേദമാക്കാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ അഞ്ച്-ആറ് മാസം കൊണ്ടുമാത്രമെ പ്രത്യക്ഷപ്പെടുകയുള്ളു. രോഗാണു ശരീരത്തിനുള്ളിലെത്തിയാല്‍ മാസങ്ങള്‍ക്കുശേഷമാകും രോഗി ഗുരുതരാവസ്ഥയിലാകുക.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Top