മുംബൈ: മൂന്ന് മാസത്തെ ഇടിവിന് ശേഷം രൂപയുടെ മൂല്യം മെച്ചപ്പെട്ടു. പൊതുമേഖലാ ബാങ്കുകളിലൂടെ റിസര്‍വ്വ് ബാങ്ക് വിപണിയില്‍ നടത്തിയ ഇടപെടലുകളാണ് രൂപയെ കരകയറ്റിയത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ വഴി ആര്‍ബിഐ ഡോളറുകള്‍ വാങ്ങിക്കൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസം 62.85 എന്ന നിരക്കിലാണ് രൂപ വിനിമയം അവസാനിച്ചത്. ജനുവരിയില്‍ 63.18 എന്ന നിലയിലേക്ക് മൂല്യം താഴ്ന്നിരുന്നു.
അതേസമയം ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യം കൂടുന്നതോടെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക് പോകുന്നതിന് സാധ്യതയുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നതും രൂപയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
നിലവിലെ സ്ഥിതിയില്‍ നിന്നും രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയാല്‍ കരുതല്‍ ശേഖരം പ്രയോജനപ്പെടുത്താമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.


