മുല്ലപ്പെരിയാര്‍: ഷട്ടര്‍ തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് ജലം കൊണ്ടു പോകുന്നതിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സെക്കന്‍ഡില്‍ 3500 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം സെക്കന്‍ഡില്‍ 1500 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ 15 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജലനിരപ്പ് 136 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് മേല്‍നോട്ട സമിതി തള്ളിയത്. ജലനിരപ്പ് 140 അടിയായാലേ ഷട്ടര്‍ തുറക്കാനാകൂ എന്ന് മേല്‍നോട്ടസമിതി വ്യക്തമാക്കി. ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു കഴിയുമ്പോള്‍ ഷട്ടര്‍ തുറക്കാമെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്. എന്നാല്‍, ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ചതനുസരിച്ച് 142 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് സമിതിയോട് ആവശ്യപ്പെട്ടു.

Top