ന്യൂഡല്‍ഹി: പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ 25 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. മാര്‍ച്ച് ഒന്നിനാണു ചടങ്ങ്. ഇരു പാര്‍ട്ടികളും മന്ത്രിസ്ഥാനം തുല്യമായി വീതിച്ചെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സയീദാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ മോദി പങ്കെടുത്തേക്കും. കശ്മീരില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വ്യക്തമായ അജന്‍ഡ തീരുമാനിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ബിജെപിക്കും പിഡിപിക്കുമാണെന്നു സയീദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സൈന്യത്തിനുള്ള പ്രത്യേകാധികാരം, 370ാം വകുപ്പ് എന്നീ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇവയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് സയീദ്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി മുഹമ്മദും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ആറു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം പിഡിപിക്കായിരിക്കും . ബിജെപി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
മുഫ്തിയുടെ സത്യപ്രതിജ്ഞ നാളെ: കശ്മീരില്‍ 25 അംഗ മന്ത്രിസഭ


