മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് ഐസിസിയുടെ പുതിയ പ്രസിഡന്റ്

ബാര്‍ബഡോസ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടു. ബാര്‍ബഡോസില്‍ നടക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനമാണ് സഹീറിനെ തെരഞ്ഞെടുത്തത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് സഹീര്‍ അബ്ബാസിന്റെ പേര് നിര്‍ദേശിച്ചത്. ഒരു വര്‍ഷമാണ് കാലാവധി.

തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച സഹീര്‍ അബ്ബാസ് ഐസിസിയ്ക്കും പാക് ക്രിക്കറ്റ് ബോര്‍ഡിനും നന്ദി അറിയിച്ചു.

മുന്‍ പാക് നായകനായ സഹീര്‍ തന്റെ കരിയറില്‍ 78 ടെസ്റ്റുകളിലും 62 ഏകദിനങ്ങളിലുമായി അന്താരാഷ്ട്ര മത്സരങ്ങളില്‍ 7634 റണ്‍സെടുത്തിട്ടുണ്ട്. 1975, 79, 83 ലോകകപ്പുകളില്‍ കളിച്ച ഇദ്ദേഹം 14 ടെസ്റ്റുകളിലും 13 ഏകദിനങ്ങളിലും പാക് നായകനായി ചുമതല വഹിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് സെഞ്ച്‌റി നേടിയ ഏഷ്യയിലെ ഒരേയൊരു ബാറ്റ്‌സ്മാനാണെന്ന പേരും ഇദ്ദേഹത്തിനാണ്. ഐസിസി മാച്ച് റഫറിയായും പ്രവര്‍ത്തിച്ചിരുന്നു.

ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ 58ാമത്തെ അംഗമായി സെര്‍ബിയ ക്രിക്കറ്റ് ഫെഡറേഷനെ സംഘടനയിലെടുത്തു. അംഗങ്ങളായിരുന്ന മൊറോക്കോയുടെയും തുര്‍ക്കിയുടെയും അംഗത്വം സസ്‌പെന്‍ഡ് ചെയ്യുകയും ബ്രൂണെയെ ഒഴിവാക്കുകയും ചെയ്തു.

Top