മുന്നിയൂര്‍ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടത് വ്യാജ ഉത്തരവിലൂടെയെന്ന് വിവരാവകാശ രേഖകള്‍

മലപ്പുറം: തിരൂരങ്ങാടി മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കെ.കെ അനീഷിനെ പിരിച്ചുവിട്ടത് വ്യാജ ഉത്തരവിലൂടെ. പിരിച്ചുവിടല്‍ ഉത്തരവ് ഡിഡിഇയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖയില്‍ പറയുന്നു.

ഉത്തരവ് ഡിഡിഇ ഓഫീസിലെ ഫെയര്‍ കോപ്പി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഡെസ്പാച്ച് നോട്ടിലെ നേരിട്ട് കൈമാറിയ രേഖകളിലോ ഉത്തരവില്ല. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനീഷ് ആത്മഹത്യ ചെയ്തിരുന്നു.

അധ്യാപകന്‍ ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് വ്യാജഉത്തരവുണ്ടാക്കിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റും ഡിഡിഇയും ചേര്‍ന്ന് വ്യാജ രേഖ ചമച്ചുവെന്ന് കെഎസ്ടിഎ ആരോപിക്കുന്നു.

അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലപ്പുറം ഡി.ഡി.ഇ ഓഫിസില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. അധ്യാപകനെതിരെ മുന്‍ ഡിഡിഇ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പിരിച്ചുവിടപ്പെട്ട നാദാപുരം ഇടച്ചേരി സ്വദേശി കെ.കെ. അനീഷ് 2014 സെപ്റ്റംബര്‍ രണ്ടിനാണ് മലമ്പുഴയിലെ സ്വകാര്യലോഡ്ജില്‍ ജീവനൊടുക്കിയത്. സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ ഇദ്ദേഹം ചെരിപ്പിട്ട് കയറിയതിനെചൊല്ലി പ്യൂണുമായുണ്ടായ വാക്കേറ്റമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിരൂരങ്ങാടി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകനെ മാനേജ്‌മെന്റ് ശുപാര്‍ശപ്രകാരം ഡിഡിഇ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.

Top