ന്യൂഡല്‍ഹി: ചെറുകിട സരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി ബാങ്ക് ( മുദ്ര ബാങ്ക്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയാണ് മുദ്ര വായ്പ നല്‍കുക. 20,000 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം. പട്ടികജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വായ്പാ കാര്യത്തില്‍ മുന്‍ഗണന നല്‍കും.
ഉത്പാദനം, വിപണനം, സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന എല്ലാ ചെറുകിട ധനകാര്യ സ്ഥാപനങ്ങളും ബാങ്കിന്റെ നിയന്ത്രണത്തില്‍ വരും. എല്ലാവര്‍ക്കും വായ്പ ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങളുമായും പ്രദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുമായും ബാങ്ക് സഹകരിച്ച് പ്രവര്‍ത്തിക്കും.
രാജ്യത്ത് 5.77 കോടി ചെറുകിട ബിസിനസ് യൂണിറ്റുകളാണുള്ളത്. ഇവയ്ക്ക് ധനസഹായം ലഭ്യമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.


