തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ ആദ്യ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
ജയചന്ദ്രന്‍, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്, സുല്‍ഫിക്കര്‍, സബീര്‍, സത്താര്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഒന്നും രണ്ടും പ്രതികളായ ജയചന്ദ്രനും സതീഷും 50,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയില്‍ എന്നിവര്‍ക്കാണ് മൂന്നു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ആര്‍. രഘു ആണ് വിധി പ്രഖ്യാപിച്ചത്.
2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. രണ്ടു കേസുകളായി അന്വേഷിച്ച് സി.ബി.ഐ വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു.


