ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തിലെ ഗ്രൂപ്പ് തര്‍ക്കം വീണ്ടും തലപൊക്കിയാല്‍ കടുത്ത നടപടിയിലേക്ക് കടക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോടും കെപിസിസി പ്രസിഡന്റ് വി.എം സുധീരനോടും ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അരുവിക്കര ഉപതിരഞ്ഞെടുപ്പും ആസന്നമായ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന് ഐ ഗ്രൂപ്പ് നിലപാടിനോട് യോജിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ക്കുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലും സംസ്ഥാന സര്‍ക്കാരിലും എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദേശിച്ചാല്‍ തന്നെ അത് എ.കെ ആന്റണിയുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സര്‍ക്കാരിനെതിരെ കെപിസിസിവൈസ് പ്രസിഡന്റ് വിഡി സതീന്‍ ഉന്നയിച്ച ആരോപണം ശരിയായില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ടങ്കിലും രാഹുലിന്റ കേരളാ സന്ദര്‍ശനത്തോടെ അഭിപ്രായ ഭിന്നതക്ക് പരിഹാരമുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് കടുത്ത നിലപാടെടുത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും പിന്‍ഗാമിയായി രമേശ് ചെന്നിത്തലയെ അവരോധിക്കാതിരിക്കാനാണ് എ ഗ്രൂപ്പ് അണിയറയില്‍ ചരട് വലിക്കുന്നത്.
അരുവിക്കര പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുന്ന ശരാശരി വിജയം ലഭിച്ചാല്‍ പോലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി നയിക്കുമെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
മറിച്ചൊരു സാഹചര്യമുണ്ടായാല്‍ എ.കെ ആന്റണിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിക്കാമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.
ആന്റണി ക്ഷണം നിരസിക്കുകയും സുധീരനെ നിര്‍ദേശിക്കുകയും ചെയ്താല്‍ അത് സംസ്ഥാത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പിന്‍ഗാമി ചര്‍ച്ച ഗ്രൂപ്പ് നേതാക്കള്‍ക്ക് നിലനില്‍പ്പിന് തന്നെ നിര്‍ണായകമാണ്.
ആന്റണിയോ, സുധീരനോ യുഡിഎഫിനെ നയിച്ചാല്‍ സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഹൈക്കമാന്‍ഡിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.


