മുഖ്യമന്ത്രി പദം മോഹമില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: താന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും അത്തരം മോഹമൊന്നും തനിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച വര്‍കാരി സമുദായത്തോട് സംസാരിക്കവെയാണ് താക്കറെ ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയാണ് എല്ലാവരും മത്സരിക്കുന്നത്. തനിക്ക് ആ കിരീടം വേണ്ട. ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

മഹാരാഷ്ട്രയുടെ മുഖമന്ത്രിയാവണമെന്ന ആഗ്രഹം അടുത്തിടെ തുറന്നു പ്രകടിപ്പിച്ച ഉദ്ധവ് താക്കറെ ആ മോഹം ഉപേക്ഷിച്ച പോലെയാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ശിവസേന സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെയാണ് സേന തലവന്റെ പ്രസ്താവനയുണ്ടായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയാകാനുള്ള മോഹത്തെക്കുറിച്ച് താക്കറെ മനസ്സുതുറന്നത്. ജനങ്ങള്‍ തനിക്ക് ഒരു അവസരം നല്‍കണമെന്നും താന്‍ അവര്‍ക്ക് പരാതിക്ക് ഇടനല്‍കില്ലെന്നുമായിരുന്നു താക്കറെയുടെ പ്രസ്താവന.

Top